---
title: "'ഞാനും പിണറായിയുമടക്കം വീഴ്ചകൾ ഉണ്ടെങ്കിൽ സ്വയം തിരുത്തും'; നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി, സഹകരണ മേഖലയിലും തിരുത്താന്‍  സിപിഐഎം"
english_title: "CPM Announces Corrective Measures After Election Defeat Property Audit Cooperative Loan Scrutiny"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382791/cpm-corrective-measures-property-audit-cooperative-loans-kozhikode-state-committee"
published_at: "2026-09-15T18:14:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa93e0ce6fa4_cpm-corrective-measures-property-audit-cooperative-loans-kozhikode-state-committee.jpg"
keywords: ["CPM State Committee", "MA Baby", "MV Govindan", "Pinarayi Vijayan", "CPM Kerala"]
---

# 'ഞാനും പിണറായിയുമടക്കം വീഴ്ചകൾ ഉണ്ടെങ്കിൽ സ്വയം തിരുത്തും'; നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി, സഹകരണ മേഖലയിലും തിരുത്താന്‍  സിപിഐഎം

> **Lead Summary:** കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന സി.പി.എം. വിശാല സംസ്ഥാന സമിതിയിൽ സംഘടനാതലത്തിൽ നിർണായക തെറ്റുതിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ തീരുമാനം.

## Article Content

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന സി.പി.എം. വിശാല സംസ്ഥാന സമിതിയിൽ സംഘടനാതലത്തിൽ നിർണായക തെറ്റുതിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ തീരുമാനം.

പാർട്ടി നേതാക്കളുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനവും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യാനും പിന്നീട് പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കാനുമാണ് തീരുമാനം.

സഹകരണ മേഖലയിലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന നിർദേശം യോഗത്തിലുണ്ടായി. പാർട്ടി നേതാക്കൾ എടുത്ത വലിയ തുകയുടെ വായ്പകൾ തിരിച്ചടയ്ക്കാത്ത സാഹചര്യമുണ്ടായാൽ കടുത്ത പാർട്ടി നടപടി സ്വീകരിക്കണമെന്നും ബാങ്കുകൾക്ക് നിയമപരമായ നടപടികളിലേക്ക് കടക്കാമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഗ-ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതൽ കുറഞ്ഞത് ഒരു വനിതാ ഭാരവാഹിയെങ്കിലും ഉണ്ടാകണമെന്നതും നിർബന്ധമാക്കി.

പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സ്വയം തിരുത്തുമെന്ന നിലപാടും യോഗത്തിൽ വ്യക്തമാക്കി. ഇ.എം.എസ്., വി.എസ്. അച്യുതാനന്ദൻ, നായനാർ തുടങ്ങിയ നേതാക്കൾക്ക് സംഭവിച്ച വീഴ്ചകൾ തിരുത്തിയാണ് മുന്നോട്ടുപോയതെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

താനും പിണറായി വിജയനും ഉൾപ്പെടെയുള്ള നേതാക്കൾക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ സ്വയം തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി ചേരുന്ന വിശാല ജില്ലാ സമിതി യോഗങ്ങളിൽ കുറഞ്ഞത് മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും വീതം പങ്കെടുക്കും.

സംഘടനാ പ്രവർത്തനങ്ങളും തിരുത്തൽ നടപടികളും നേരിട്ട് വിലയിരുത്തുന്നതിനാണ് മുതിർന്ന നേതാക്കൾ ജില്ലാ യോഗങ്ങളിൽ പങ്കെടുക്കുന്നത്.

അതേസമയം, വർഗീയ ശക്തികൾക്കും കേന്ദ്ര ഏജൻസിയായ ഇ.ഡിക്കുമെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടവും പ്രചാരണവും നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന വിശാല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. തനിക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നതായി ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ തനിക്ക് ശാസന ലഭിച്ചെന്ന റിപ്പോർട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല.

കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പി.ബി. ഇടപെട്ട് സംസ്ഥാന സെക്രട്ടറിയെ ശാസിച്ചുവെന്നാണ് റിപ്പോർട്ട്.

പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെ ഉപയോഗിച്ച് ഇ.ഡി. കള്ളപ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. എസ്.എഫ്.ഐ. പ്രവർത്തകരുടെ വീടുകളിൽ ഉൾപ്പെടെ നടക്കുന്ന ഇ.ഡിയുടെ റെയ്ഡുകളെയും കടന്നാക്രമണങ്ങളെയും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary:**

Following election defeat, CPM extended state committee in Kozhikode reportedly decided on major corrective measures including audit of disproportionate assets and benami deals of leaders, starting with state committee in November then district leaders, strict action on unpaid large cooperative loans, mandatory woman office-bearer from unit level in class-mass organisations. General Secretary MA Baby said lapses, if any, of himself and Pinarayi Vijayan will be self-corrected like EMS, VS, Nayanar did. State Secretary MV Govindan said three resolutions passed, admitted criticism against him, alleged ED using media for false propaganda to destroy party and vowed united resistance against ED raids.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382791/cpm-corrective-measures-property-audit-cooperative-loans-kozhikode-state-committee)