---
title: "'പാർട്ടി അടിമുടി മാറണമെന്ന് പൊതുവികാരം'; സിപിഐഎം വിപുലീകൃത സംസ്ഥാന സമ്മേളനം, സംഘടനാ മാർഗ്ഗരേഖയിന്മേലുള്ള ചർച്ച പൂർത്തിയായി"
english_title: "CPIM Extended State Committee Meeting Kozhikode Criticism Against Govt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382639/cpim-extended-state-committee-meeting-kozhikode-criticism-against-govt"
published_at: "2026-09-14T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8352e94c90_cpim-extended-state-committee-meeting-kozhikode-criticism-against-govt.jpg"
keywords: ["CPIM", "Kerala Politics", "Pinarayi Vijayan", "MV Govindan", "CPIM State Committee"]
---

# 'പാർട്ടി അടിമുടി മാറണമെന്ന് പൊതുവികാരം'; സിപിഐഎം വിപുലീകൃത സംസ്ഥാന സമ്മേളനം, സംഘടനാ മാർഗ്ഗരേഖയിന്മേലുള്ള ചർച്ച പൂർത്തിയായി

> **Lead Summary:** **കോഴിക്കോട്: **സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ മാർഗ്ഗ രേഖയിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. ചർച്ചയിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നില്ലെങ്കിലും പാർട്ടി അടിമുടി മാറണമെന്നും തിരുത്തൽ വേണമെന്നതുമായിരുന്നു പൊതുവികാരം. പൊതുചർച്ചയ്ക്ക് മറുപടി നൽകുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്.

## Article Content

**കോഴിക്കോട്: **സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ മാർഗ്ഗ രേഖയിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. ചർച്ചയിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നില്ലെങ്കിലും പാർട്ടി അടിമുടി മാറണമെന്നും തിരുത്തൽ വേണമെന്നതുമായിരുന്നു പൊതുവികാരം. പൊതുചർച്ചയ്ക്ക് മറുപടി നൽകുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്.

ചർച്ചയിൽ പിണറായി സർക്കാരിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. മന്ത്രിമാർക്ക് വ്യവസായ താല്പര്യമായിരുന്നുവെന്നും തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ടില്ലെന്നും സിഐടിയു പ്രതിനിധികൾ കുറ്റപ്പെടുത്തി. ഭരണത്തിലിരിക്കുമ്പോൾ സമരം ചെയ്യാൻ അനുവദിക്കാത്തത് ജനങ്ങളെ സംഘടനകളിൽ നിന്ന് അകറ്റിയെന്നും വിമർശനമുയർന്നു.

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് കാസർകോട് നിന്നുള്ള പ്രതിനിധി വി.പി.പി. മുസ്തഫ വ്യക്തമാക്കി. 2021-ന് ശേഷം തുടർച്ചയായ തോൽവികളുണ്ടായിട്ടും അടവ് രൂപീകരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും തിരുത്തൽ രേഖ ദുർബലമാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനം പാർട്ടിക്ക് നാണക്കേടായെന്നും, ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും ചർച്ചയിൽ വിമർശനമുണ്ടായി. തിരുവനന്തപുരത്ത് എംഎൽഎയായ വി. ജോയിയെ ജില്ലാ സെക്രട്ടറിയായി നിലനിർത്തിയതിനെ തൃശ്ശൂരിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യം ചെയ്തു.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവികളിൽ തളിപ്പറമ്പ് വിഷയം രേഖയിൽ ഉൾപ്പെടുത്താത്തതും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ സ്വയംവിമർശനം സംസ്ഥാന രേഖയിൽ ഇല്ലാത്തതും കടുത്ത എതിർപ്പിന് വഴിവെച്ചു. എന്നാൽ, യോഗത്തിൽ നടന്നത് ആരോഗ്യകരമായ ചർച്ചയാണെന്നും താനടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനങ്ങൾ ഉയർന്നത് സ്വാഭാവികമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

**English Summary:**

The general discussion on the organizational draft line at the CPIM Extended State Committee meeting in Kozhikode has concluded. While there was no demand for leadership change, delegates raised severe criticisms against the Pinarayi Vijayan government and the state leadership, emphasizing the need for corrective measures. CITU representatives criticized ministers for prioritizing industrial interests over laborers. Issues such as the failure to address electoral losses, soft approaches towards Vellappally Natesan, and party appointments were heavily debated. Party State Secretary M.V. Govindan stated that healthy discussions took place and confirmed criticisms were raised against leaders including himself.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382639/cpim-extended-state-committee-meeting-kozhikode-criticism-against-govt)