---
title: "ബജിയിൽ സോസ് കുറഞ്ഞതിനെ ചൊല്ലി തർക്കം: വർക്കലയിൽ ചായക്കടക്കാരനെ കല്ലും വടിയും കൊണ്ട് ക്രൂരമായി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ"
english_title: "Varkala Tea Vendor Attacked Over Sauce Dispute Three Youths Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382635/varkala-tea-vendor-attacked-sauce-dispute-youths-arrested"
published_at: "2026-09-14T22:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa826bd0742f_varkala-tea-vendor-attacked-sauce-dispute-youths-arrested.jpg"
keywords: ["Kappil Beach", "Ayiroor Police", "Attack Case"]
---

# ബജിയിൽ സോസ് കുറഞ്ഞതിനെ ചൊല്ലി തർക്കം: വർക്കലയിൽ ചായക്കടക്കാരനെ കല്ലും വടിയും കൊണ്ട് ക്രൂരമായി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **ബജിയിൽ സോസ് കുറഞ്ഞുപോയെന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചായക്കടക്കാരനെയും സഹോദരിയെയും മദ്യപിച്ചെത്തിയ യുവാക്കൾ ക്രൂരമായി മർദിച്ചു. വർക്കല കാപ്പിൽ ബീച്ചിൽ പ്രവർത്തിക്കുന്ന ചായക്കടയിലെ ഉടമയും വർക്കല സ്വദേശിയുമായ അഫ്സലിനാണ് മർദനമേറ്റത്.

## Article Content

**തിരുവനന്തപുരം: **ബജിയിൽ സോസ് കുറഞ്ഞുപോയെന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചായക്കടക്കാരനെയും സഹോദരിയെയും മദ്യപിച്ചെത്തിയ യുവാക്കൾ ക്രൂരമായി മർദിച്ചു. വർക്കല കാപ്പിൽ ബീച്ചിൽ പ്രവർത്തിക്കുന്ന ചായക്കടയിലെ ഉടമയും വർക്കല സ്വദേശിയുമായ അഫ്സലിനാണ് മർദനമേറ്റത്.

സംഭവത്തിൽ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ സ്വദേശി അലക്സാണ്ടർ (29), ഇരവിപുരം സ്വദേശി ഫിനോൾഡ് (24), മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാപ്പിൽ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ അഫ്സലിന്റെ കടയിൽ ബജി കഴിക്കാനായി കയറുകയായിരുന്നു. ബജിയിൽ സോസ് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഇവർ അഫ്സലുമായി തർക്കത്തിലേർപ്പെട്ടു.

തുടർന്ന് അഫ്സൽ കൂടുതൽ സോസ് നൽകിയെങ്കിലും യുവാക്കൾ അത് വലിച്ചെറിഞ്ഞ് സ്ഥലത്തുനിന്ന് മടങ്ങി. എന്നാൽ വൈകിട്ട് അഞ്ച് മണിയോടെ തിരിച്ചെത്തിയ സംഘം അഫ്സലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വടിയുപയോഗിച്ച് അഫ്സലിനെ അടിച്ച യുവാക്കൾ, കയ്യിൽ കരുതിയിരുന്ന പാറക്കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്തു.

ആക്രമണം തടയാൻ ശ്രമിച്ച അഫ്സലിന്റെ സഹോദരി ഹസീനയെയും യുവാക്കൾ ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് യുവാക്കളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കൾ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്സെടുത്ത പോലീസ്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**English Summary:**

Three youths from Kollam were arrested by Ayiroor police for brutally attacking a tea vendor and his sister at Kappil Beach in Varkala following a dispute over tomato sauce in baji. The arrested individuals are Alexander (29), Finold (24), and Jobin. The heavily intoxicated youths initially argued with vendor Afsal, threw away the extra sauce provided, and returned later to assault him with a stick and a rock. Local residents restrained the attackers and handed them over to the police. The accused have been remanded under charges of attempted murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382635/varkala-tea-vendor-attacked-sauce-dispute-youths-arrested)