---
title: "രമേശൻ പാലേരിയുടെ പിൻഗാമി; ഊരാളുങ്കൽ സൊസൈറ്റി ചെയർമാനായി ഷാജു എസ് ചുമതലയേറ്റു "
english_title: " ULCCS Chairman Elected Shaju S Managing Director K Praveen Kumar ULCyber Park"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382591/ulccs-chairman-shaju-s-elected-managing-director-praveen-kumar-new"
published_at: "2026-09-14T16:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7d09965edf_ulccs-chairman-shaju-s-elected-managing-director-praveen-kumar.jpg"
keywords: ["ULCCS", "Uralungal Labour Contract Society", "Shaju S", "Chairman", "Rameshan Paleri"]
---

# രമേശൻ പാലേരിയുടെ പിൻഗാമി; ഊരാളുങ്കൽ സൊസൈറ്റി ചെയർമാനായി ഷാജു എസ് ചുമതലയേറ്റു 

> **Lead Summary:** **കോഴിക്കോട്: **ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു‌എൽസിസി‌എസ്) പുതിയ ചെയർമാനായി ഷാജു എസിനെ തിരഞ്ഞെടുത്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് പുതിയ മാനേജിങ് ഡയറക്ടറുടെ ചുമതല നൽകിയിട്ടുള്ളത്.

## Article Content

**കോഴിക്കോട്: **ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു‌എൽസിസി‌എസ്) പുതിയ ചെയർമാനായി ഷാജു എസിനെ തിരഞ്ഞെടുത്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് പുതിയ മാനേജിങ് ഡയറക്ടറുടെ ചുമതല നൽകിയിട്ടുള്ളത്.

മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കേണ്ടി വന്നത്. യു‌എൽസിസി‌എസിന്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായകസംഭാവനകളും ഡയറക്ടർ ബോർഡ് യോഗം അനുസ്മരിച്ചു.

1997-ൽ യു‌എൽസിസി‌എസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു എസ്. സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ നിർവ്വഹിച്ചശേഷം 2009 മുതൽ 17 വർഷക്കാലം സെക്രട്ടറിയും എംഡിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാലപരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്. യു‌എൽ സൈബർ പാർക്ക്, യു‌എൽ ടെക്നോളജി സൊല്യൂഷൻസ് (ULTS) തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളർച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു.

സൊസൈറ്റിയുമായി ആഴത്തിലുള്ള ചരിത്രബന്ധമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത് . മുത്തച്ഛൻ എസ്. കണാരനും പിതാവ് എം. പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപം നൽകിയ 14-അംഗ പ്രമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സ്ഥാപകാംഗങ്ങളും ആയിരുന്നു.

ഷാജുവിന്റെ പിതാവ് എസ്. കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ലീഡറും പിന്നീട് ഡയറക്ടറുമായിരുന്നു. രമേശൻ പാലേരി സ്വപ്നം കണ്ട വികസനസങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കു തുടർച്ച നൽകുന്നതിനും യു‌എൽസിസി‌സിനെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കുന്നതിനുമാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്.

നിർമ്മാണ-അടിസ്ഥാന സൗകര്യ മേഖലകളിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിനു പുറത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്രതലത്തിലേക്കും യു‌എൽസിസി‌എസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ഷാജു എസ്. വ്യക്തമാക്കി. ഐടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തികസുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കാണ് തന്റെ ഭരണസമിതി മുൻഗണന നൽകുന്നതെന്ന് ചെയർമാൻ ഷാജു എസ്. അറിയിച്ചു.

തൊഴിലാളിസഹകരണത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, സ്ഥാപനത്തെ കൂടുതൽ ശക്തവും സുസ്ഥിരവും ആഗോളസാന്നിധ്യമുള്ളതുമായി വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Shaju S has been elected as Chairman of Uralungal Labour Contract Co-operative Society (ULCCS) in the director board meeting following the demise of former chairman Rameshan Paleri. Chief General Manager K. Praveen Kumar was given charge as Managing Director. Shaju joined ULCCS as clerk in 1997 and served as Secretary and MD for 17 years since 2009. He worked closely with Rameshan Paleri in forming UL Cyber Park, UL Technology Solutions and other subsidiaries. His family has century-old ties with ULCCS as his grandfather S. Kanaran and great-grandfather M. Pokkayi were among 14-member promoting committee and founders. New leadership aims to expand beyond Kerala and globally, strengthening construction, IT, real estate, tourism sectors while upholding labour cooperative values.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382591/ulccs-chairman-shaju-s-elected-managing-director-praveen-kumar-new)