---
title: " നാല് മാസത്തിൽ അഞ്ച് കോടിയുടെ ലഹരി കച്ചവടം; കോഴിക്കോട് പന്തീരാങ്കാവ് എംഡിഎംഎ കേസിൽ നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ"
english_title: "Pantheerankavu MDMA Drug Case Noida Arrest Malappuram Native Nursing Student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382468/pantheerankavu-mdma-case-noida-arrest-malappuram-native-nursing-student-"
published_at: "2026-09-13T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6acf9a101e_pantheerankavu-mdma-case-noida-arrest-malappuram-native-nursing-student.jpg"
keywords: ["Kozhikode MDMA Case", "Drug Case", "Nursing Student Arrest"]
---

#  നാല് മാസത്തിൽ അഞ്ച് കോടിയുടെ ലഹരി കച്ചവടം; കോഴിക്കോട് പന്തീരാങ്കാവ് എംഡിഎംഎ കേസിൽ നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** പന്തീരാങ്കാവിൽ ഒരു കിലോ എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ വൻ ലഹരി മരുന്ന് ശൃംഖലയെ പൂട്ടി പോലീസ്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ , തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നഴ്‌സിങ് വിദ്യാർഥിനിയുമായ പി. സൂര്യ എന്നിവരെ ഡൽഹി നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് കോഴിക്കോട് പോലീസ് സംഘം പിടികൂടി.

## Article Content

**കോഴിക്കോട്: ** പന്തീരാങ്കാവിൽ ഒരു കിലോ എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ വൻ ലഹരി മരുന്ന് ശൃംഖലയെ പൂട്ടി പോലീസ്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ , തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നഴ്‌സിങ് വിദ്യാർഥിനിയുമായ പി. സൂര്യ എന്നിവരെ ഡൽഹി നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് കോഴിക്കോട് പോലീസ് സംഘം പിടികൂടി.

കഴിഞ്ഞ മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം നിർത്തിയിട്ട കാറിൽ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ കേസിൽ മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്നിന്റെ പ്രധാന ഉത്ഭവകേന്ദ്രം ഡൽഹിയാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നോയിഡയിലെ സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റിൽ നിന്ന് പ്രതികളെ പോലീസ് വലയിലാക്കിയത്.

ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ പാക്ക് ചെയ്യുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് സീലർ, 5000-ലധികം സിപ് ലോക്ക് കവറുകൾ, കറൻസി എണ്ണുന്ന മെഷീൻ, നിരവധി എ.ടി.എം (ATM) കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ആഴ്ചയിൽ പത്ത് കിലോയിലധികം എം.ഡി.എം.എ ഇവിടെ വച്ച് പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അയച്ചിരുന്നതായി പ്രതികൾ സമ്മതിച്ചു. ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി അതിൽ രഹസ്യ അറകളുണ്ടാക്കിയാണ് ഇവർ ലഹരി കടത്തിയിരുന്നത്.

മലപ്പുറത്ത് കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എം.ഡി.എം.എ എത്തിച്ചതും ഇവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ട്. പന്തീരാങ്കാവ് ഇൻസ്പെക്ടർ എ. നിതിൻ, എസ്.ഐ അർജുൻ അജിത്, ഫറോക്ക് എ.സി.പി സ്‌ക്വാഡ്, ഡാൻസാഫ് (DANSAF) ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

**English Summary:**

In a major breakthrough in the Pantheerankavu 1 kg MDMA seizure case, Kozhikode police arrested a 32-year-old Malappuram native, C. Ajmal, and a 23-year-old nursing student from Thiruvananthapuram, P. Surya, from a luxury apartment in Noida. The duo ran a massive drug supply network, packing over 10 kg of MDMA weekly to traffic to Kerala and other states in second-hand cars. Police confiscated packing equipment, counting machines, and thousands of ziplock covers from the flat. Financial transactions worth over ₹5 crore within four months were uncovered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382468/pantheerankavu-mdma-case-noida-arrest-malappuram-native-nursing-student-)