---
title: "'ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത ഉണ്ടോ' - സി പി എമ്മിനെതിരെ കെ കെ രമ"
english_title: " KK Rama Asks CPIM To Admit TP Chandrasekharan Murder Mistake Before Expanded State Committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382418/kk-rama-demands-cpim-admit-tp-murder-mistake-expanded-committee"
published_at: "2026-09-13T11:53:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6433cb7767_kk-rama-demands-cpim-admit-tp-murder-mistake-expanded-committee.jpg"
keywords: ["KK Rama", "TP Chandrasekharan", "CPIM", "Kerala Politics"]
---

# 'ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത ഉണ്ടോ' - സി പി എമ്മിനെതിരെ കെ കെ രമ

> **Lead Summary:** കോഴിക്കോട്: നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

## Article Content

കോഴിക്കോട്: നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദനും വിജയൻ മാഷുമടക്കമുള്ളവർ പാർട്ടിക്കകത്തും പുറത്തും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽചൂണ്ടിയതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. രമയുടെ ആരോപണം.

കോഴിക്കോട് ജില്ലയുടെ മണ്ണിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ധീരനായ കമ്യൂണിസ്റ്റ് ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂര കൊലപാതകം തിരുത്താനാകാത്ത തെറ്റാണെന്നും അവർ പറഞ്ഞു. ആ തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത നേതൃത്വത്തിനുണ്ടോയെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസും രംഗത്തെത്തിയിരുന്നു. ഏത് ഭരണഘടനാ പ്രകാരമാണ് വിപുലീകൃത സംസ്ഥാന സമിതി എന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖര്‍ പറഞ്ഞു തരുമല്ലോയെന്നായിരുന്നു മനു തോമസിന്റെ പരിഹാസം.

ഇതിനെ കമ്മറ്റി എന്ന് വിളിക്കുന്നതിന് പകരം സംയുക്ത യോഗം എന്ന് വിളിച്ചാല്‍ ഏറെക്കുറെ ശരിയാകും. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിന്റെ സംയുക്ത യോഗം നടത്താന്‍ പറയുന്നില്ല.

സെമിനാര്‍ നടത്തുന്നു എന്ന മൂഡില്‍ കണ്ടാല്‍ മതി. കനത്ത പരാജയങ്ങളില്‍ നിന്ന് ആര്‍ക്കും സമനില തെറ്റാം, സ്വാഭാവികമാണ്, അതാണ് കോഴിക്കോട് സംഭവിക്കുന്നതെന്നും മനു തോമസ് പറഞ്ഞിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു മൂന്നു കോടി രൂപ വിപുലീകൃതമായി മാറും. പിണറായി ഫാന്‍സ് ക്ലബ്ബിന്റെ ശക്തി പ്രകടനത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്നും മനു തോമസ് പരിഹസിച്ചിരുന്നു.

**English Summary:**

KK Rama MLA demanded CPIM admit mistake of brutally murdering TP Chandrasekharan before discussing correction of political and organizational mistakes, in context of expanded state committee meeting in Kozhikode. Via Facebook post she alleged CPM leaders conspired to kill TP for supporting VS Achuthanandan and Vijayan Master against leadership corruption and for pointing out mistakes. She termed murder in Kozhikode irreparable and questioned leadership's political honesty. Former DYFI leader Manu Thomas also mocked meeting questioning constitutional validity, calling it joint meeting and seminar mood, saying heavy defeats cause imbalance and three days will cost three crores, calling it Pinarayi fans club show.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382418/kk-rama-demands-cpim-admit-tp-murder-mistake-expanded-committee)