---
title: "സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം; പതാക ഉയര്‍ത്തി  പാലോളി മുഹമ്മദ് കുട്ടി "
english_title: "CPIM Expanded State Committee Meeting Begins In Kozhikode MV Govindan MA Baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382409/cpim-expanded-state-committee-meeting-begins-kozhikode"
published_at: "2026-09-13T10:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa62fd9515a4_cpim-expanded-state-committee-meeting-begins-kozhikode.jpg"
keywords: ["CPIM Kerala", "Kozhikode News", "MV Govindan", "MA Baby", "CPIM State Committee"]
---

# സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം; പതാക ഉയര്‍ത്തി  പാലോളി മുഹമ്മദ് കുട്ടി 

> **Lead Summary:** കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി.

## Article Content

കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി.

സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംഘടനാ രേഖ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് പരാജയങ്ങളിലെ സ്വയം വിമര്‍ശനങ്ങളും തിരുത്തലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സംഘടനാ രേഖയില്‍ ഉള്ളതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സംഘടനാ രേഖയിന്‍മേല്‍ നടക്കുന്ന ചര്‍ച്ചകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല. ചരിത്രത്തില്‍ ഇല്ലാത്ത നിലയിലുള്ള തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതിന് ശേഷം അസാധാരണമായൊരു തിരുത്തല്‍ നടപടിയിലേക്കാണ് സിപിഐഎം കടക്കുന്നത്.

സാധാരണ നിലയില്‍ ജയപരാജയങ്ങളില്‍, മേല്‍ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളിലേക്ക് ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതായിരുന്നു പാര്‍ട്ടി രീതി. എന്നാല്‍ ഇത്തവണ തോല്‍വിയുടെ കാരണമറിയാന്‍ ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ച ചെയ്ത് മേല്‍ ഘടകങ്ങളില്‍ എത്തിച്ച ശേഷം അതിന്മേല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് മറ്റ് നടപടികളിലേക്ക് പോകുന്നത്.

ഇതില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്നത് സിപിഐഎമ്മിന്റെ സാധാരണ സംഘടനാ രീതികളില്‍ നിന്ന് മാറിയുള്ള അജണ്ട ആണ് എന്നതും പ്രത്യേകതയാണ്. ഒന്‍പത് പിബി അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

വീഴ്ചകളിലെ സ്വയം വിമര്‍ശനങ്ങളും പരിഹാര മാര്‍ഗങ്ങളും അടങ്ങുന്ന മാര്‍ഗരേഖ ഇന്ന് യോഗത്തില്‍ അവതരിപ്പിക്കും.

ജനങ്ങളുമായി നേതൃത്വം ബന്ധം പുനഃസ്ഥാപിക്കണം, വിനയത്തോടെ നേതാക്കള്‍ പെരുമാറണം, യുവാക്കളെ ആകര്‍ഷിക്കണം, യുവ നേതാക്കളെ വളര്‍ത്തണം, വര്‍ഗ ബഹുജന സംഘടനകളുടെ ദൗര്‍ബല്യം പരിഹരിക്കണം, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണം, കേഡര്‍മാരെയും പാര്‍ട്ടി കമ്മിറ്റികളെയും സജീവമാകണം,

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കളും ഏറ്റെടുക്കണം, വീഴ്ചകള്‍ പരിഹരിക്കാന്‍ വൈകിയാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നും മാര്‍ഗരേഖകളിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382409/cpim-expanded-state-committee-meeting-begins-kozhikode)