---
title: "മലേഷ്യൻ പ്രധാനമന്ത്രി വരുന്നു..! കോഴിക്കോട്ടേക്ക് വരും മുമ്പ് ശ്രദ്ധിക്കുക, നഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം"
english_title: "Malaysian PM Anwar Ibrahim Kozhikode Visit Traffic Control And Security Arrangements"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382334/malaysian-pm-anwar-ibrahim-kozhikode-traffic-control-security"
published_at: "2026-09-12T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa530bcdf3f9_malaysian-pm-anwar-ibrahim-kozhikode-traffic-control-security.jpg"
keywords: ["Malaysian PM Visit", "Anwar Ibrahim", "Kozhikode Traffic Restriction", "Markaz Kozhikod"]
---

# മലേഷ്യൻ പ്രധാനമന്ത്രി വരുന്നു..! കോഴിക്കോട്ടേക്ക് വരും മുമ്പ് ശ്രദ്ധിക്കുക, നഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:** കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയും പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും.

## Article Content

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയും പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും.

ഞായറാഴ്ച വൈകീട്ട് 6.30-ന് കരിപ്പൂരിലെത്തുന്ന അദ്ദേഹം 7.30 മുതൽ രാത്രി 9.30 വരെ മർകസിൽ ഉണ്ടാകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യയുടെ പ്രധാനമന്ത്രിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കും.

തുടർന്ന്, മലേഷ്യൻ പ്രധാനമന്ത്രി മടവൂർ സി.എം. മഖാമിൽ എത്തും. അവിടെ 20 മിനിറ്റ്‌ ചെലവഴിക്കും. രാത്രി 10-ന് താമസസ്ഥലത്തേക്ക് പോകും.

ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്കുള്ള സുരക്ഷയുടെ സമാനരീതിയിലാകും അൻവർ ഇബ്രാഹിമിനുമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുക. ഇന്റലിജൻസ് എ.ഡി.ജി.പി. ദിനേന്ദ്ര കശ്യപ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.

കോഴിക്കോട് നഗരത്തിലെയും മലപ്പുറത്തെയും ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രിമുതൽ തിങ്കളാഴ്ച രാത്രിവരെ പോലീസിന്റെ പ്രത്യേക സുരക്ഷാപരിശോധനയുണ്ടാകും.

**നിയന്ത്രണം ഏർപ്പെടുത്തുന്ന മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് ബദൽ ഗതാഗത മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്.**

വയനാട് ഭാഗത്ത് നിന്ന്: താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.

കൊടുവള്ളി ഭാഗത്ത് നിന്ന്: പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴി യാത്ര ചെയ്യണം.

മുക്കം ഭാഗത്ത് നിന്ന്: ചെത്തുകടവ്–പെരിങ്ങളം വഴി കോഴിക്കോട് നഗരത്തിലേക്ക് എത്തണം.

കണ്ണൂർ ഭാഗത്ത് നിന്ന്: എലത്തൂർ–പാവങ്ങാട്–നടക്കാവ് വഴിയുള്ള റോഡുകൾ ഉപയോഗിക്കണം.

യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന്: ഇടിമൂഴിക്കൽ–രാമനാട്ടുകര–ഫറോക്ക്–ചെറുവണ്ണൂർ വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണമെന്നാണ് നിർദേശം.

ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ യാത്ര ക്രമീകരിക്കണമെന്നും ബദൽ റൂട്ടുകൾ പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

**English Summary:**

Traffic restrictions will be imposed in Kozhikode city from 5 pm tomorrow for Malaysian Prime Minister's visit, police said. Full restriction from Vaidyarangadi-Ramanattukara to Malaparamba and Malaparamba to Kunnamangalam-Madavoor. PM Anwar Ibrahim arrives at Karipur at 6.30 pm Sunday, will attend Markaz function 7.30-9.30 pm to receive first Excellence Award from Kanthapuram AP Aboobacker Musliyar, then visit Madavoor CM Maqam. Security on par with Indian PM and President, with Intelligence ADGP reviewing arrangements and special checks in lodges and hotels till Monday night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382334/malaysian-pm-anwar-ibrahim-kozhikode-traffic-control-security)