---
title: "കഴിഞ്ഞ മൂന്നരമാസമായി കേരളത്തിൽ നടക്കുന്നത് ജനവിരുദ്ധ ഭരണം; ജനങ്ങളെ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം തുടരുമെന്ന് പി മോഹനൻ"
english_title: "CPI M State Committee Member P Mohanan On Assembly Election Defeat Today We Will Win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382281/p-mohanan-cpim-state-committee-on-assembly-election-defeat-udf-bjp"
published_at: "2026-09-12T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4df7a713f5_p-mohanan-cpim-state-committee-on-assembly-election-defeat-udf-bjp.jpg"
keywords: ["P Mohanan", "CPIM", "Kerala Assembly Election", "UDF", "BJP"]
---

# കഴിഞ്ഞ മൂന്നരമാസമായി കേരളത്തിൽ നടക്കുന്നത് ജനവിരുദ്ധ ഭരണം; ജനങ്ങളെ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം തുടരുമെന്ന് പി മോഹനൻ

> **Lead Summary:** **കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ വ്യത്യസ്തമായ വിലയിരുത്തലുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ രംഗത്ത്. എതിരാളികളുടെ പ്രചാരവേലകളിൽപ്പെട്ട് പതിവായി സിപിഐഎമ്മിന് വോട്ട് ചെയ്തിരുന്ന ചിലർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാമെന്നും എന്നാൽ നിലവിലെ ജീവിതാനുഭവങ്ങളിൽ നിന്ന് അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ വ്യത്യസ്തമായ വിലയിരുത്തലുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ രംഗത്ത്. എതിരാളികളുടെ പ്രചാരവേലകളിൽപ്പെട്ട് പതിവായി സിപിഐഎമ്മിന് വോട്ട് ചെയ്തിരുന്ന ചിലർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാമെന്നും എന്നാൽ നിലവിലെ ജീവിതാനുഭവങ്ങളിൽ നിന്ന് അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകളിൽ പണ്ടും തങ്ങൾ തോറ്റിട്ടുണ്ടെന്നും ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പാർട്ടി എല്ലാ തലത്തിലും ചർച്ച ചെയ്ത് വിലയിരുത്തിയതാണെന്ന് പി മോഹനൻ ചൂണ്ടിക്കാണിച്ചു. പാർട്ടിയാകെ ദുർബലപ്പെട്ടുപോയെന്നോ തെറ്റുകളിലേക്ക് മാറിയെന്നോ ഉള്ള മാധ്യമങ്ങളുടെയും എതിർരാഷ്ട്രീയക്കാരുടെയും പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്.

കേന്ദ്ര സർക്കാരും സംഘപരിവാറും യുഡിഎഫും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മതമൗലിക ശക്തികളും കോർപ്പറേറ്റുകളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഉൾപ്പെടെയുള്ള മഹാശക്തികളാണ് തങ്ങൾക്കെതിരെ അണിനിരന്നത്. ഈ വലിയൊരു കൂട്ടായ്മയോട് ഏറ്റുമുട്ടുമ്പോഴുള്ള പ്രയാസങ്ങളാണ് പരാജയത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയിലോ രാഷ്ട്രീയത്തിലോ എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടോ എന്ന് പാർട്ടി പരിശോധിച്ചിട്ടുണ്ടെന്നും ആ ചർച്ചകളെല്ലാം പൂർത്തിയായതാണെന്നും പി മോഹനൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നരമാസമായി കേരളത്തിൽ ജനവിരുദ്ധ ഭരണമാണ് നടക്കുന്നത്. ഇതുമൂലം പൊറുതിമുട്ടിയ ജനങ്ങൾ രോഷാകുലരായി രംഗത്തുവരികയാണെന്നും ജനങ്ങളെ സംരക്ഷിക്കാനും ആശ്വാസം നൽകാനും സിപിഐഎം ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി ഡീൽ ഉണ്ടെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെ ചോദ്യം ചെയ്ത അദ്ദേഹം, ഇപ്പോൾ ആരാണ് ഡീൽ നടത്തിയതെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും കൂട്ടിച്ചേർത്തു. മതനിരപേക്ഷതയുടെ മൂല്യങ്ങളും ജനങ്ങളുടെ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ നായകസ്ഥാനത്ത് ജനങ്ങൾ കാണുന്നത് സിപിഐഎമ്മിനെയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kozhikode: CPI M State Committee Member P Mohanan with different stand regarding Assembly election defeat. P Mohanan stated that some who usually voted for CPI M may have been misled by propaganda carried out by opponents. He added that they may have now realized things from life experiences. P Mohanan told Reporter that they have lost elections before and if election is held today they will win.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382281/p-mohanan-cpim-state-committee-on-assembly-election-defeat-udf-bjp)