---
title: "വറുത്ത മീനും ബസന്തി പുലാവും...! ക്ഷേത്രത്തിൽ മത്സ്യവിഭവങ്ങൾ കഴിച്ച് ബംഗാൾ മുഖ്യമന്ത്രിയും  ബിജെപി നേതാവുമായ  സുവേന്ദു അധികാരി"
english_title: "Suvendu Adhikari Eats Fish at Kalighat Temple Amid Bengal Food Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382254/suvendu-adhikari-eats-fish-kalighat-temple"
published_at: "2026-09-12T06:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4a8789c1d5_suvendu-adhikari-eats-fish-kalighat-temple.jpg"
keywords: ["Suvendu Adhikari", "Kalighat Temple", "Bageshwar Baba", "Dhirendra Krishna Shastri"]
---

# വറുത്ത മീനും ബസന്തി പുലാവും...! ക്ഷേത്രത്തിൽ മത്സ്യവിഭവങ്ങൾ കഴിച്ച് ബംഗാൾ മുഖ്യമന്ത്രിയും  ബിജെപി നേതാവുമായ  സുവേന്ദു അധികാരി

> **Lead Summary:** കൊൽക്കത്ത: ദുർഗാപൂജക്കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനം വിവാദമായിരിക്കെ, കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യവിഭവങ്ങൾ കഴിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി.

## Article Content

കൊൽക്കത്ത: ദുർഗാപൂജക്കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനം വിവാദമായിരിക്കെ, കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യവിഭവങ്ങൾ കഴിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി.

ക്ഷേത്രത്തിലെ പ്രസാദമായ ‘ഭോഗ്’ ആണ് സുവേന്ദു അധികാരി കഴിച്ചത്. വറുത്ത മീനും ബസന്തി പുലാവുമാണ് അദ്ദേഹം കഴിച്ചത്. ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബംഗാളികൾ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു നേരത്തേ ബാഗേശ്വർ ബാബയുടെ ആഹ്വാനം.

ഈ പ്രസ്താവനയ്‌ക്കെതിരെ ബംഗാളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബംഗാളികളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണ് പ്രസ്താവനയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.

വിവാദം ശക്തമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ തന്നെ ബാഗേശ്വർ ബാബയുടെ പ്രസ്താവന തള്ളിക്കൊണ്ട് രംഗത്തെത്തി. ‘ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്നുള്ളവർ തീരുമാനിക്കേണ്ടതില്ല.

ബംഗാളികൾ അവർക്ക് ഇഷ്ടമുള്ളതും പാരമ്പര്യമായി കഴിച്ചുപോരുന്നതുമായ ഭക്ഷണം കഴിക്കും. അവർക്ക് മത്സ്യം കഴിച്ചുകൂടേ? മാംസം കഴിച്ചുകൂടേ? സ്വാമി വിവേകാനന്ദൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിനും മുകളിലാണോ മറ്റുള്ളവർ?’ എന്നായിരുന്നു ഭട്ടാചാര്യയുടെ ചോദ്യം.

കാളി പൂജയ്ക്ക് ആടിനെ ബലി നൽകുന്ന പാരമ്പര്യം ബംഗാളിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഷ്ടമി, നവമി ദിവസങ്ങളിൽ ആട്ടിറച്ചി കഴിക്കുന്നത് ബംഗാളികളുടെ പാരമ്പര്യമാണെന്നും അത് തുടരുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

ബാഗേശ്വർ ബാബയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി അതിനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെയാണ് സുവേന്ദു അധികാരി കാളീഘട്ട് ക്ഷേത്രത്തിലെത്തി ‘ഭോഗ്’ കഴിച്ചത്. ഇതോടെ നേരത്തെയുണ്ടായ വിവാദങ്ങൾ അവസാനിക്കണമെന്ന് ബംഗാൾ ബിജെപി പ്രതികരിച്ചു.

ബംഗാളിന്റെ വിശ്വാസത്തോടും പാരമ്പര്യത്തോടും ജീവിതരീതിയോടുമുള്ള ആദരവിന്റെ ഭാഗമായാണ് സുവേന്ദു അധികാരി ‘ഭോഗി’ൽ പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ഹിന്ദുത്വ അജൻഡയും ബംഗാളിന്റെ പ്രാദേശിക സാംസ്‌കാരിക പാരമ്പര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ബിജെപിക്ക് ബാഗേശ്വർ ബാബയുടെ പ്രസ്താവന തിരിച്ചടിയായെന്ന വിലയിരുത്തലും ഉയർന്നിരുന്നു.

അടുത്തിടെ ഹൗറ സന്ദർശിച്ച ധീരേന്ദ്ര ശാസ്ത്രിക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് മാംസാഹാരത്തിനെതിരായ പ്രസ്താവന വന്നത്.

ബംഗാളികളുടെ ഭക്ഷണത്തിൽനിന്ന് മത്സ്യവും മാംസവും എടുത്തുമാറ്റാനാണോ ബിജെപിയുടെ ശ്രമമെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാളീഘട്ട് ക്ഷേത്രത്തിലെ സുവേന്ദു അധികാരിയുടെ ‘ഭോഗ്’ പങ്കാളിത്തവും ബംഗാൾ ബിജെപിയുടെ പ്രതികരണവും ശ്രദ്ധ നേടുന്നത്.

**English Summary:**

BJP leader Suvendu Adhikari ate fish and Basanti pulao as part of the ‘bhog’ prasadam at Kolkata’s Kalighat Temple amid a controversy over Bageshwar Baba Dhirendra Krishna Shastri’s appeal to Bengalis to avoid non-vegetarian food during Durga Puja. The remarks had drawn protests from the TMC and CPI(M), with the BJP’s West Bengal president Samik Bhattacharya rejecting them as a personal opinion. BJP spokesperson Pradeep Bhandari said Adhikari’s participation in the temple bhog reflected respect for Bengal’s faith, traditions and way of life.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382254/suvendu-adhikari-eats-fish-kalighat-temple)