---
title: "ഇ-കൊമേഴ്‌സ് നിയമങ്ങളിൽ കർശന ഭേദഗതി; വ്യാജ വിലക്കിഴിവിനും സെർച്ച് റിസൽട്ട് കൃത്രിമത്തിനും നിയന്ത്രണം"
english_title: "India Tightens E-Commerce Rules to Curb Fake Discounts and Search Manipulation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382067/india-tightens-ecommerce-rules-fake-discounts-search-manipulation"
published_at: "2026-09-11T06:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa34c5f44a11_india-tightens-ecommerce-rules-fake-discounts-search-manipulation.jpg"
keywords: ["e-commerce rules", "fake discounts", "search manipulation", "consumer protection"]
---

# ഇ-കൊമേഴ്‌സ് നിയമങ്ങളിൽ കർശന ഭേദഗതി; വ്യാജ വിലക്കിഴിവിനും സെർച്ച് റിസൽട്ട് കൃത്രിമത്തിനും നിയന്ത്രണം

> **Lead Summary:** **ന്യൂഡൽഹി: **ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ കൃത്രിമം കാണിക്കൽ, വ്യാജ വിലക്കിഴിവുകൾ എന്നിവ തടയുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇ-കൊമേഴ്‌സ് നിയമങ്ങളിൽ കർശന ഭേദഗതി വരുത്തി. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കൊമേഴ്‌സ്) റൂൾസിൽ വരുത്തിയ ഭേദഗതികൾ 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

## Article Content

**ന്യൂഡൽഹി: **ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ കൃത്രിമം കാണിക്കൽ, വ്യാജ വിലക്കിഴിവുകൾ എന്നിവ തടയുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇ-കൊമേഴ്‌സ് നിയമങ്ങളിൽ കർശന ഭേദഗതി വരുത്തി. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കൊമേഴ്‌സ്) റൂൾസിൽ വരുത്തിയ ഭേദഗതികൾ 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

പുതിയ ഭേദഗതി പ്രകാരം എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും സർക്കാരിന്റെ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനുമായി നേരിട്ട് ബന്ധിപ്പിക്കണം. ഉപഭോക്താക്കൾ നൽകുന്ന പരാതികളുടെ പകർപ്പ് പരാതിക്കാരന് നൽകണമെന്നും വ്യവസ്ഥയുണ്ട്. 2025-ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ലഭിച്ച 17,71,622 പരാതികളിൽ 29 ശതമാനത്തോളം, അതായത് 5,11,196 പരാതികൾ, ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ വെബിലെ തിരച്ചിലിനെ ബാധിക്കുന്ന രീതിയിലോ സെർച്ച് റിസൽറ്റുകളിൽ മാറ്റം വരുത്തുന്നതിനും പുതിയ നിയമഭേദഗതി വിലക്കേർപ്പെടുത്തി. സെർച്ച് റിസൽറ്റുകളിൽ പണം നൽകി പ്രാമുഖ്യം നേടുന്ന പോസ്റ്റുകൾക്ക് അവ സ്പോൺസർ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകൾ നൽകണമെന്നും നിർദേശമുണ്ട്.

വ്യാജ വിലക്കിഴിവുകൾ കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾക്കും നിയന്ത്രണമേർപ്പെടുത്തി. വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്പന്നത്തിന്റെ വില വർധിപ്പിച്ച് വിൽപ്പനയ്ക്ക് വെക്കുകയും പിന്നീട് വീണ്ടും വിലകുറച്ച് അത് വിലക്കിഴിവായി പരസ്യം ചെയ്യുകയും ചെയ്യുന്ന രീതിക്ക് ഇനി സാധുതയുണ്ടാകില്ല. ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുമ്പോൾ കുറച്ച വിലയ്ക്കൊപ്പം കഴിഞ്ഞ 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയും പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.

ഉത്പന്നങ്ങൾ വിറ്റുതീരാറായെന്നും പരിമിതമായ എണ്ണം മാത്രമേ ബാക്കിയുള്ളൂ എന്നുമുള്ള തരത്തിൽ ഉപഭോക്താക്കളെ പർച്ചേസിന് നിർബന്ധിതരാക്കുന്ന 'ഡാർക്ക് പാറ്റേൺ' ഡിസൈനുകൾ തടയുന്നതിനും 2023-ലെ മാർഗനിർദേശങ്ങൾ പാലിക്കണം. കമ്പനികൾ വർഷംതോറും സ്വയം ഓഡിറ്റ് നടത്തുകയും കംപ്ലയൻസ് സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയും വേണം.

ഉത്പന്നങ്ങളുടെ കാലാവധി, റിട്ടേൺ-റീഫണ്ട് നിബന്ധനകൾ, വാറന്റി, ഡെലിവറി വിവരങ്ങൾ എന്നിവയും വ്യക്തമായി നൽകണം. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നിർമിച്ച രാജ്യത്തിന്റെ വിവരങ്ങളും ഇറക്കുമതി ചെയ്യുന്നയാളുടെ വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്. ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ വിവരങ്ങൾ ഉപയോഗിക്കുന്നതും അനുബന്ധമല്ലാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നതും പുതിയ ഭേദഗതി പ്രകാരം തടഞ്ഞിട്ടുണ്ട്.

**English Summary:**

The Union Consumer Affairs Ministry has tightened e-commerce rules to curb misleading advertisements, search-result manipulation and fake discounts. The amended Consumer Protection (E-Commerce) Rules will take effect from January 1, 2027. E-commerce platforms must directly connect with the National Consumer Helpline and provide complaint copies to consumers. Paid search-result promotions must be clearly identified as sponsored. Platforms must also display the lowest price charged in the previous 30 days alongside discounted prices. Dark patterns encouraging purchases must comply with 2023 guidelines, while companies must conduct annual self-audits and display compliance certificates. Product expiry, return-refund terms, warranty, delivery, country of manufacture and importer details must also be disclosed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382067/india-tightens-ecommerce-rules-fake-discounts-search-manipulation)