---
title: "ബാലി യാത്രയുടെ പേരിൽ തട്ടിപ്പ്; ട്രാവൽ ഏജൻസി ഉപഭോക്താവിന് 1.12 ലക്ഷം രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ"
english_title: "Consumer Commission Orders Kerala Travel Zone To Pay Fine Bali Tour Fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382029/kerala-travel-zone-fined-bali-tour-package-fraud"
published_at: "2026-09-10T18:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2aebb2f923_kerala-travel-zone-fined-bali-tour-package-fraud.jpg"
keywords: ["Kerala Travel Zone", "Consumer Court Verdict", "Bali Tour Scam", "Consumer Rights Kerala", "Travel Agency Fraud"]
---

# ബാലി യാത്രയുടെ പേരിൽ തട്ടിപ്പ്; ട്രാവൽ ഏജൻസി ഉപഭോക്താവിന് 1.12 ലക്ഷം രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

> **Lead Summary:** **കോഴിക്കോട്: **ബാലി ടൂർ പാക്കേജിന്റെ പേരിൽ തുക കൈപ്പറ്റിയ ശേഷം യാത്ര നടത്തുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്ന ട്രാവൽ ഏജൻസിക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കടുത്ത പിഴ. പരാതിക്കാരനായ ഉപഭോക്താവിന് ഏജൻസി 1.12 ലക്ഷം രൂപയും പലിശയും നൽകാനാണ് ഉത്തരവ്. സേവനത്തിലെ കടുത്ത വീഴ്ചയും അന്യായമായ വ്യാപാര രീതിയും ചൂണ്ടിക്കാട്ടിയാണ് നടപടി.

## Article Content

**കോഴിക്കോട്: **ബാലി ടൂർ പാക്കേജിന്റെ പേരിൽ തുക കൈപ്പറ്റിയ ശേഷം യാത്ര നടത്തുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്ന ട്രാവൽ ഏജൻസിക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കടുത്ത പിഴ. പരാതിക്കാരനായ ഉപഭോക്താവിന് ഏജൻസി 1.12 ലക്ഷം രൂപയും പലിശയും നൽകാനാണ് ഉത്തരവ്. സേവനത്തിലെ കടുത്ത വീഴ്ചയും അന്യായമായ വ്യാപാര രീതിയും ചൂണ്ടിക്കാട്ടിയാണ് നടപടി.

'കേരള ട്രാവൽ സോൺ' എന്ന ഏജൻസിക്കെതിരെയാണ് വിധി. സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് 2019 ഡിസംബറിലാണ് ഉപഭോക്താവ് മൂന്ന് രാത്രിയും നാല് പകലും നീളുന്ന ബാലി ടൂർ പാക്കേജ് ബുക്ക് ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി ആകെ 82,500 രൂപ ഏജൻസിക്ക് കൈമാറുകയും ചെയ്തു.

എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് യാത്ര മുടങ്ങി. പിന്നീട് അന്താരാഷ്ട്ര യാത്രാ വിലക്കുകൾ നീങ്ങിയെങ്കിലും ഏജൻസി യാത്ര നടത്താനോ പണം തിരികെ നൽകാനോ തയ്യാറായില്ല. 2022 ഡിസംബറിലേക്കും പിന്നീട് 2023 ഏപ്രിലിലേക്കും തീയതി മാറ്റിക്കൊണ്ടിരുന്ന ഏജൻസി, വക്കീൽ നോട്ടീസ് അയച്ചിട്ടും തുക മടക്കി നൽകാൻ കൂട്ടാക്കിയില്ല.

തുടർന്നാണ് ബാധിതനായ ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്. പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ ശ്രീജ എസ്., റാം മോഹൻ ആർ. എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.

നോട്ടീസ് അയച്ചിട്ടും ഏജൻസി ഹാജരാകാതിരുന്നതിനാൽ ഏകപക്ഷീയമായാണ് കേസ് പരിഗണിച്ചത്. പണം വാങ്ങിയ ശേഷം വർഷങ്ങളോളം സേവനം നൽകാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഗുരുതര കുറ്റമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഉപഭോക്താവിൽ നിന്ന് വാങ്ങിയ 82,500 രൂപ പരാതി നൽകിയ തീയതി മുതൽ 9% പലിശ സഹിതം തിരികെ നൽകണം. കൂടാതെ മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 25,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും നൽകണം. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക കൈമാറാത്ത പക്ഷം നഷ്ടപരിഹാര തുകയ്ക്കും 9% വാർഷിക പലിശ ഈടാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

**English Summary:**

The Consumer Disputes Redressal Commission has ordered 'Kerala Travel Zone' agency to pay ₹1.12 lakh along with interest to a customer for failing to conduct a Bali tour after receiving money. Although the tour was postponed due to COVID-19, the agency continuously delayed the trip and refused to refund ₹82,500 collected in 2019. The Commission bench categorized this as a deficiency of service and unfair trade practice, directing the agency to pay the refund with interest, along with compensation for mental agony and litigation costs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382029/kerala-travel-zone-fined-bali-tour-package-fraud)