---
title: "'പിണറായിയുടെ പേര് പറയാൻ ഭീഷണിപ്പെടുത്തി, ഇഡി നടത്തുന്നത് രാഷ്ട്രീയ കള്ളക്കളി'; കമ്മ്യൂണിസ്റ്റുകാർ പതറില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്"
english_title: "PA Muhammad Riyas Slams ED CMRL Exalogic Case Kerala News"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381953/pa-muhammad-riyas-slams-ed-cmrl-exalogic-case"
published_at: "2026-09-10T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa25ca3b2076_pa-muhammad-riyas-slams-ed-cmrl-exalogic-case.jpg"
keywords: ["PA Muhammad Riyas", "Veena Vijayan", "ED", "Exalogic Case", "CMRL", "Pinarayi Vijayan"]
---

# 'പിണറായിയുടെ പേര് പറയാൻ ഭീഷണിപ്പെടുത്തി, ഇഡി നടത്തുന്നത് രാഷ്ട്രീയ കള്ളക്കളി'; കമ്മ്യൂണിസ്റ്റുകാർ പതറില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** **കോഴിക്കോട്: **സിഎംആർഎൽ-എക്‌സാലോജിക് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കളിയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. ചെയ്ത ജോലിക്ക് പണം വാങ്ങുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്ത നിയമപരമായ ഇടപാടിനെയാണ് 'മാസപ്പടി' എന്ന പേരിൽ ദുഷ്പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കോഴിക്കോട്: **സിഎംആർഎൽ-എക്‌സാലോജിക് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കളിയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. ചെയ്ത ജോലിക്ക് പണം വാങ്ങുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്ത നിയമപരമായ ഇടപാടിനെയാണ് 'മാസപ്പടി' എന്ന പേരിൽ ദുഷ്പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ പിണറായി വിജയനെതിരെ കള്ളമൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി റിയാസ് ആരോപിച്ചു. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹൻസൻ വാരിസിനോട് പിണറായി വിജയനെതിരെ മൊഴി നൽകാൻ ആവശ്യപ്പെടുകയും, തയ്യാറാകാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.

മുൻമുഖ്യമന്ത്രിയുടെ പേര് പറയാൻ നിരന്തരം നിർബന്ധിച്ചിട്ടും വീണ വിജയൻ അതിന് വഴങ്ങിയില്ല. തുടർന്നാണ് വീണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ ചമച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിപ്പെടുത്താനും അറസ്റ്റ് ചെയ്യാനും നോക്കിയിട്ടും വീണ ഉറച്ച നിലപാടിൽ തന്നെ നിലകൊണ്ടു. ബംഗാളിലെയും അസാമിലെയും നേതാക്കളെപ്പോലെ ഇ.ഡി ഭീഷണിപ്പെടുത്തുമ്പോൾ പേടിച്ചോടുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലുകൾക്ക് മുന്നിൽ പതറില്ലെന്നും റിയാസ് പറഞ്ഞു.

തിരുവനന്തപുരത്തെ വീട് റെയ്ഡ് ചെയ്ത ഇ.ഡിക്ക് അവിടെനിന്ന് 25 പൈസ പോലും കണ്ടെത്താനായിട്ടില്ല. ചോദ്യം ചെയ്യലിനിടെ മൊഴി പകർത്തുന്ന ടൈപ്പ്‌റൈറ്റർ കേടായപ്പോൾ പുറത്തുനിന്ന് മറ്റൊരു ടൈപ്പ്‌റൈറ്റർ കൊണ്ടുവന്നതിനെയാണ് ചില മാധ്യമങ്ങൾ 'നോട്ടെണ്ണൽ യന്ത്രം' കൊണ്ടുവന്നു എന്ന രീതിയിൽ നാടകീയമായി വാർത്തയാക്കിയത്.

ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ഇറച്ചി കടിച്ചുതിന്നുന്ന അനുഭവമാണ് നിലവിലുള്ളതെന്നും, തന്റെ ഭാര്യ വീണ ഏറെക്കാലമായി ഇത്തരം അപവാദ പ്രചാരണങ്ങൾ സഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എങ്കിലും പേടിച്ചുനിൽക്കാനല്ല പാർട്ടി പഠിപ്പിച്ചിട്ടുള്ളത്. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാൽ ഭയമില്ലെന്നും നേരിടേണ്ട ഘട്ടങ്ങളെല്ലാം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.

**English Summary:**

Former Minister P.A. Muhammad Riyas heavily criticized the Enforcement Directorate (ED) over the CMRL-Exalogic case, calling it a politically motivated witch-hunt. Speaking at a press conference in Kozhikode, Riyas alleged that the ED pressured individuals during questioning to give false statements against Former Chief Minister Pinarayi Vijayan and targeted his wife, Veena Vijayan. He added that Communists would not bow down to central agency threats and confirmed that all allegations will be fought legally.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381953/pa-muhammad-riyas-slams-ed-cmrl-exalogic-case)