---
title: "വ്യാജ ഫോൺ കോളുകൾ, കോടികളുടെ തട്ടിപ്പ്; അസമിൽ മുഖ്യമന്ത്രിയുടെ ശബ്ദം അനുകരിച്ച് തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ"
english_title: "Assam Scam Government Official Arrested Mimicking CM Voice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381930/assam-government-official-arrested-fraud-mimicking-cm-voice"
published_at: "2026-09-10T10:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa240052dfd0_assam-government-official-arrested-fraud-mimicking-cm-voice.jpg"
keywords: ["Voice Mimicry Scam", "Vigilance Cell Assam", "Government Contract Fraud", "Scam"]
---

# വ്യാജ ഫോൺ കോളുകൾ, കോടികളുടെ തട്ടിപ്പ്; അസമിൽ മുഖ്യമന്ത്രിയുടെ ശബ്ദം അനുകരിച്ച് തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

> **Lead Summary:** **ഗുവഹത്തി: **) അസം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും ശബ്ദങ്ങൾ മിമിക്രി ആർട്ടിസ്റ്റുകളെക്കൊണ്ട് അനുകരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ.

## Article Content

**ഗുവഹത്തി: **) അസം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും ശബ്ദങ്ങൾ മിമിക്രി ആർട്ടിസ്റ്റുകളെക്കൊണ്ട് അനുകരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ.

ദേബേശ്വർ ശർമ്മയെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ ധേമാജിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. വിവിധ സർക്കാർ കരാറുകൾ വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ വൻ തുക തട്ടിയെടുത്തത്.

കരാർ നൽകാമെന്ന് വിശ്വസിപ്പിച്ച് കൈക്കലാക്കിയ 10 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. പണം നൽകിയിട്ടും കരാർ ലഭിക്കാതിരിക്കുകയും, തുടർന്ന് 40 ലക്ഷം രൂപ കൂടി അധികമായി ആവശ്യപ്പെടുകയും ചെയ്തതോടെ സംശയം തോന്നിയ കരാറുകാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി സമാന രീതിയിലുള്ള തട്ടിപ്പുകൾ മുമ്പും നടത്തിയതായി കണ്ടെത്തി.

ഇരകളെ വിശ്വസിപ്പിക്കുന്നതിനായി മിമിക്രി ആർട്ടിസ്റ്റുകളെക്കൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടെയും ശബ്ദത്തിൽ സംസാരിപ്പിച്ചായിരുന്നു തട്ടിപ്പ്.

കെ.കെ എന്റർപ്രൈസ്, ഡി.ബി എന്റർപ്രൈസ് എന്നീ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് മാത്രമായി സർക്കാർ കരാറുകൾ വാഗ്ദാനം ചെയ്ത് ഏകദേശം 2.5 കോടി രൂപ ഇയാൾ തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. അസാമിന് പുറത്തുനിന്നും ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്.

ധേമാജിയിലും ഗുവാഹത്തിയിലുമുള്ള പ്രതിയുടെ വീടുകളിലും ഓഫീസിലും നടത്തിയ പരിശോധനയിൽ നിരവധിയായ രേഖകളും 18 സിം കാർഡുകളും വിജിലൻസ് സംഘം പിടിച്ചെടുത്തു. ഗുവാഹത്തിയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലൻസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണ്.

**English Summary:**

A government official named Debeshwar Sharma was arrested by the Assam Chief Minister's Special Vigilance Cell in Dhemaji for orchestrating a multi-crore fraud. Sharma used mimicry artists to imitate the voices of the Chief Minister, Chief Secretary, and senior officials to trick victims into believing they were receiving government contracts. The scam came to light when a contractor who paid ₹10 lakh and was asked for an additional ₹40 lakh reported the matter. Investigation revealed he swindled ₹2.5 crore from various firms. Police seized 18 SIM cards and documents, remanding him to four-day custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381930/assam-government-official-arrested-fraud-mimicking-cm-voice)