---
title: "വൈകിട്ട് ആറുമണിമുതൽ ഒന്ന് ശ്രദ്ധിക്കണേ....! സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി "
english_title: "KSEB Urges Public Support Amid Kerala Power Crisis Emergency Meeting Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381905/kerala-power-crisis-kseb-urges-usage-reduction-emergency-meeting"
published_at: "2026-09-10T08:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9eb01dcf60e_power-restriction-kerala-today-kseb-announces-6pm-to-12am-control.jpg"
keywords: ["KSEB", "Load Shedding Kerala", "Power Cut Kerala", "Electricity Minister Kerala", "Sunny Joseph"]
---

# വൈകിട്ട് ആറുമണിമുതൽ ഒന്ന് ശ്രദ്ധിക്കണേ....! സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈകിട്ട് 6 മണി മുതൽ ഉപഭോക്താക്കൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈകിട്ട് 6 മണി മുതൽ ഉപഭോക്താക്കൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പീക്ക് സമയങ്ങളിൽ നിലവിൽ 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അതേസമയം, വൈദ്യുതി നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കറന്റ് കോൾ സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം അതിവേഗം പൂർത്തിയാക്കാൻ കെഎസ്ഇബി നീക്കം ആരംഭിച്ചിട്ടുണ്ട്.

പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയില്ലെങ്കിലും വരും ദിവസങ്ങളിലെ തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടൽ. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കെഎസ്ഇബിയിൽ ഇന്ന് നിർണായക യോഗം ചേരും.

മഴ മാറിനിൽക്കുന്നതും അന്തരീക്ഷ താപനില വലിയ തോതിൽ ഉയർന്നതുമാണ് ഊർജ്ജ ആവശ്യകത കുത്തനെ കൂട്ടിയത്. പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. അതിനിടെ, പവർക്കട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾക്ക് തുടക്കമാകുകയാണ്. ഇതിന്റെ ഭാഗമായി മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഇന്ന് ഡിവൈഎഫ്ഐ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.

**English Summary:**

To manage the severe power crisis in Kerala, KSEB has requested public support to minimize electricity usage from 6 PM onwards. The state is facing a daily peak-hour deficit of 800 to 900 MW. KSEB is rushing to set up a system for advance notifications regarding power outages. An emergency meeting with the Electricity Minister and officials will be held today. Rising temperatures and lack of rain have pushed daily consumption near 100 million units. Amid power exchange shortages, DYFI is organizing protests demanding a solution.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381905/kerala-power-crisis-kseb-urges-usage-reduction-emergency-meeting)