---
title: "ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "Heavy Rain Forecast In Kerala Relief From Heat Yellow Alert In Alappuzha Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381899/heavy-rain-forecast-kerala-yellow-alert-alappuzha-ernakulam-kseb-power-crisis"
published_at: "2026-09-10T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2056759957_heavy-rain-forecast-kerala-yellow-alert-alappuzha-ernakulam-kseb-power-crisis.jpg"
keywords: ["Kerala Rain", "Kerala Rain Alert", "IMD Rain Forecast", "KSEB Power Crisis", "Yellow Alert Kerala"]
---

# ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് നാളുകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി ഇന്നു മുതൽ പരക്കെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് നാളുകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി ഇന്നു മുതൽ പരക്കെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇതിന്റെ ഭാഗമായി ഇന്ന് മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. വരും ദിവസങ്ങളിൽ മഴ ലഭിക്കുന്നതോടെ സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും താൽക്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേനൽച്ചൂട് കാരണം ഉയർന്ന വൈദ്യുതി ഉപഭോഗം കെ.എസ്.ഇ.ബിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.

കഴിഞ്ഞ രാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലേറെ തവണ മുൻകൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. നിലവിൽ ഏകദേശം 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണ് കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്നത്. മഴ പെയ്യുന്നതോടെ താപനില കുറയുകയും തന്മൂലം വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

**English Summary:**

Kerala is expected to get relief from severe heat with rainfall likely starting today. The India Meteorological Department has issued a yellow alert for Alappuzha and Ernakulam districts today, with warnings for four districts tomorrow. A cyclonic circulation over the Bay of Bengal may develop into a low-pressure area, bringing heavy isolated rains until September 12. The rain is expected to reduce high electricity consumption, bringing temporary relief to KSEB, which is currently facing a power shortage of around 800 MW leading to unannounced power cuts across the state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381899/heavy-rain-forecast-kerala-yellow-alert-alappuzha-ernakulam-kseb-power-crisis)