---
title: "വീടും കാറും സമ്മാനം, കൈക്കലാക്കിയത് 3 കോടി; കണ്ണൂരിലെ ലോട്ടറി തട്ടിപ്പിൽ അന്വേഷണം വേണമെന്ന് കർമസമിതി "
english_title: "Illegal House Lottery Fraud Kannur Benny Thomas Karmasamithi Demands Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381762/illegal-house-lottery-fraud-kannur-benny-thomas-karmasamithi-demands-probe"
published_at: "2026-09-09T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0e2f77edcf_illegal-house-lottery-fraud-kannur-benny-thomas-karmasamithi-demands-probe.jpg"
keywords: ["Kannur Lottery Fraud", "Benny Thomas Adakkathode", "Illegal Gift Coupon Case"]
---

# വീടും കാറും സമ്മാനം, കൈക്കലാക്കിയത് 3 കോടി; കണ്ണൂരിലെ ലോട്ടറി തട്ടിപ്പിൽ അന്വേഷണം വേണമെന്ന് കർമസമിതി 

> **Lead Summary:** **കണ്ണൂർ: **ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബാധിതരുടെ കർമസമിതി രംഗത്ത്.

## Article Content

**കണ്ണൂർ: **ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബാധിതരുടെ കർമസമിതി രംഗത്ത്.

ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമാണെന്ന പേരിൽ സ്വന്തം വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാണ് ബെന്നി സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയത്.

1,500 രൂപ വിലയുള്ള 10,000 ടിക്കറ്റുകൾ വിൽക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഇതിന്റെ മറവിൽ 10,000-ത്തിലധികം കൂപ്പണുകൾ വിറ്റ് പ്രവാസികളിൽ നിന്നടക്കം മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കർമസമിതി ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നറുക്കെടുപ്പ് നിശ്ചയിച്ചതിന് തലേദിവസം പോലീസ് റെയ്ഡ് നടത്തി സമ്മാനക്കൂപ്പണുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ഇരയായവരുടെ പരാതി. നിലവിൽ 600 പേരാണ് കർമസമിതിയിൽ അംഗങ്ങളായുള്ളതെന്നും തട്ടിപ്പിന് ഇരയായവരുടെ യഥാർത്ഥ എണ്ണം ഇതിന്റെ ഇരട്ടിയിലധികമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

നിസ്സാര ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ച പോലീസ്, പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനോ തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് വൻതുക മാറ്റിയിട്ടുണ്ടെന്നും, രണ്ടാം സമ്മാനമായി പ്രഖ്യാപിച്ച ജീപ്പ് വിൽക്കാൻ ശ്രമിച്ചതായും ഇവർ ആരോപിക്കുന്നു.

അതിനാൽ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് കർമസമിതി വക്താവ് ടി.കെ. ഹാരിസ്, സെക്രട്ടറി പ്രവീൺ കൃഷ്ണ, എ.വി. ഷെമിൻ, ടി. പ്രശോഭ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

** English Summary:**

A action council (Karmasamithi) formed by victims of an illegal lottery scheme in Kannur has submitted a complaint to the District Police Chief, demanding a comprehensive probe into accused Benny Thomas. Benny was previously arrested for selling unauthorized gift coupons worth ₹1,500, offering his house and vehicles as prizes, under the pretext of funding his wife's medical treatment and clearing debt. The council alleges that the accused collected nearly ₹3 crore by printing over 10,000 coupons, including funds from NRIs. They demanded freezing his bank accounts and seizing assets to recover the money.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381762/illegal-house-lottery-fraud-kannur-benny-thomas-karmasamithi-demands-probe)