---
title: "പേരാമ്പ്ര, കടിയങ്ങാട് എന്നിവിടങ്ങളിലായി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിപ്പ്; അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ"
english_title: " Urban Nidhi Fraud Two Directors Arrested Perambra Kadiyangad Police Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381743/urban-nidhi-fraud-two-directors-arrested-perambra-kadiyangad"
published_at: "2026-09-09T07:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0be1435812_urban-nidhi-fraud-two-directors-arrested-perambra-kadiyangad.jpg"
keywords: ["Urban Nidhi Fraud", "Perambra Police Arrest", "Kadiyangad News", "Deposit Fraud Case"]
---

# പേരാമ്പ്ര, കടിയങ്ങാട് എന്നിവിടങ്ങളിലായി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിപ്പ്; അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ വെട്ടിച്ച കേസിൽ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ. കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ രതീഷ് , ചെറുകുന്നുമ്മൽ സി.കെ ജനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ വെട്ടിച്ച കേസിൽ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ. കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ രതീഷ് , ചെറുകുന്നുമ്മൽ സി.കെ ജനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

പേരാമ്പ്ര, കടിയങ്ങാട് എന്നിവിടങ്ങളിലായിരുന്നു അർബൻ നിധി എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പേരാമ്പ്ര, കല്ലോട്, കുത്താളി, കടിയങ്ങാട്, മുതുവണ്ണാച്ച, പന്തിരിക്കര, പാലേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള ആയിരത്തിലധികം പേരിൽ നിന്നും നാലു ശതമാനം പലിശ നിരക്കിൽ സ്വർണ്ണ പണയം സ്വീകരിച്ചും, ചിട്ടി ചേർത്തും, സേവിംഗ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, പേഴ്സണൽ ലോൺ, വനിതകൾക്ക് സ്വയം തൊഴിൽ വായ്പ തുടങ്ങിയ ഇടപാടുകൾ നടത്തിയും കോടിക്കണക്കിന് രൂപയും സ്വർണ്ണവുമാണ് തട്ടിയെടുത്തത്.

പണം നഷ്ടമായതിനെ തുടർന്ന് നിക്ഷേപകർ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. രണ്ടു വർഷമായി പ്രതികൾ ഒളിവിലായിരുന്നു.

രതീഷിനെ കൊയിലാണ്ടിയിൽ നിന്നും ജനിൽ കുമാറിനെ പേരാമ്പ്ര മേപ്പയൂർ റോഡിൽ നിന്നുമാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജനിൽ കുമാറിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

റൂറൽ എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര സ്റ്റേഷനിലെ എസ്.ഐ ഷൗക്കത്തലി, റൂറൽ എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.എം സുനിൽ കുമാർ, പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഇരുവർക്കുമെതിരെ ഏഴു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

**English Summary:**

Perambra: Two directors arrested in case of defrauding depositors of crores through private financial institution Urban Nidhi. Arrested are Malayil K K Ratheesh (43) and Cherukunnummal C K Janil Kumar (46), natives of Kadiyangad. Firm operated at Perambra and Kadiyangad and collected gold and money from over 1000 people in Perambra, Kallode, Kuthali, Kadiyangad, Muthuvannacha, Panthirikkara, Paleri offering 4% interest on gold pledge, chitty, savings, fixed and recurring deposits, personal loans etc. Depositors complained to Perambra police after losing money. Accused were absconding for two years. Ratheesh was caught from Koyilandy and Janil Kumar from Perambra Meppayur Road while trying to escape. Team led by SI Shoukath Ali, ASI C M Sunil Kumar of Rural SP Special Squad and Senior CPO Shafi of DYSP squad made arrest on secret info to Rural SP. Seven cases exist against duo. Remanded for two weeks by Perambra court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381743/urban-nidhi-fraud-two-directors-arrested-perambra-kadiyangad)