---
title: "'മുൻകാല പ്രാബല്യത്തോടെ രമ്യ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല,  ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയിട്ടുള്ളത്'- അതൃപ്തിയിൽ സണ്ണി ജോസഫ് "
english_title: "Chirayinkeezhu Scuffle Row KPCC President Sunny Joseph Criticizes Ramya Haridas Move To Appoint Palayam Pradeep"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381635/kpcc-president-sunny-joseph-against-ramya-haridas-appointing-palayam-pradeep"
published_at: "2026-09-08T11:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ac592e6749_kerala-power-minister-sunny-joseph-twin-cross-remark-25-crore-loss.jpg"
keywords: ["Ramya Haridas", "Sunny Joseph", "Chirayinkeezhu Controversy", "Palayam Pradeep"]
---

# 'മുൻകാല പ്രാബല്യത്തോടെ രമ്യ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല,  ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയിട്ടുള്ളത്'- അതൃപ്തിയിൽ സണ്ണി ജോസഫ് 

> **Lead Summary:** തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ, അഡീഷണൽ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ, അഡീഷണൽ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല എന്നതാണ് കെ പി സി സിയുടെ നിലപാട്. രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെ പി സി സി സമിതി അധ്യക്ഷൻ എ എം ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യും.

ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും സണ്ണി ജോസഫ് ഓ‍ർമ്മിപ്പിച്ചു. ചിറയിൻകീഴ് സംഘർഷത്തിന് ശേഷമാണ് പ്രദിപിന് വേണ്ടി രമ്യ കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി.

പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെ പി സി സി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എം എൽ എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി.

എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്.

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.

സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു.

പാളയം പ്രദീപ് നേരത്തേ മുതൽ തൻ്റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്‍റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രമ്യയും ഇന്നലെ രാവിലെ പ്രദീപും പറഞ്ഞത് സ്റ്റാഫാണെന്നായിരുന്നു.

പിന്നാലെ രമ്യയുടെ നീക്കത്തിൽ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം എൽ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു.

പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നൽകുന്നതിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയർത്താനാണ് നീക്കം.

**English Summary:**

Thiruvananthapuram: KPCC President Sunny Joseph publicly expressed strong displeasure over MLA Ramya Haridas's action in Chirayinkeezhu scuffle controversy, saying giving letter to appoint Palayam Pradeep as additional PA was not desirable. If letter was given now with retrospective effect, it is not correct, that is KPCC stand, and date of letter will be examined. He will discuss with probe panel head AM Hassan. He said Chirayinkeezhu issue brought disrepute to party. KPCC had tried to protect Ramya and reach compromise despite complaints, deciding against action, with understanding not to make Pradeep staff. However Ramya allegedly challenged state and local leadership, seeking retrospective appointment from 21-5 for Pradeep and Kunjumuhammed. Letter first given to Speaker's office was returned to be given to Assembly Secretary, left at office as Secretary on leave, office later asked to take it back after controversy. Claims that Pradeep was already staff fell flat, and co-suspended Sajad slammed move, saying Pradeep won't be allowed in constituency and action should be demanded against MLA if she doesn't withdraw.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381635/kpcc-president-sunny-joseph-against-ramya-haridas-appointing-palayam-pradeep)