---
title: "കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഒരു മണിക്കൂറോളം പവർക്കട്ട്"
english_title: "Kerala Heatwave Alert: Temperature May Rise by 4°C, Power Restrictions Possible"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381597/kerala-heat-alert-temperature-rise-power-restriction-possible"
published_at: "2026-09-08T07:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f6feab490a_kerala-heat-alert-temperature-rise-power-restriction-possible.jpg"
keywords: ["Kerala Heat", "Weather Alert", "Kerala Weather", "KSEB", "Power Restriction", "Disaster Management"]
---

# കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഒരു മണിക്കൂറോളം പവർക്കട്ട്

> **Lead Summary:** തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും.

## Article Content

തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും.

സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മറ്റന്നാൾ മുതൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ചൂട് കൂടിയതിനാൽ വൈദ്യുതി ആവശ്യകത കൂടിയെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. കെ എസ് ഇ ബി കണക്കുകൂട്ടിയത് 800 മെഗാ വാട്ട് വരെ വർധനയാണ്. ആവശ്യത്തിനനുസരിച്ച് പീക്ക് സമയത്ത് പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നതാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്.

ഹ്രസ്വകാല കരാറുകൾ ആകാത്തതും തത്സമയ വിപണിയിൽ ഉയർന്ന വിലയും വെല്ലുവിളിയായി തുടരുകയാണ്. ഈ മാസത്തേയ്ക് ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് ഒരു കമ്പനിയും വന്നിട്ടില്ല.

ഇന്നലത്തേതിന് സമാന സ്ഥിതിയെങ്കിൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. അതേസമയം കനത്ത ചൂടിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

**ജാഗ്രത നിർദേശങ്ങൾ**

*കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.*

*ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.*

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

**English Summary**

Kerala is experiencing intense heat, with the highest temperature recorded yesterday at 36.2°C. The India Meteorological Department has warned that temperatures may remain 3–4°C above normal through September 9. Isolated rainfall may provide relief from September 10. Rising temperatures have increased electricity demand by up to 800 MW, according to KSEB, which said power restrictions may continue if the situation remains similar to yesterday. Authorities have issued precautions to prevent heat-related health problems, fires and dehydration, with special measures advised for children, elderly people, pregnant women, outdoor workers and animals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381597/kerala-heat-alert-temperature-rise-power-restriction-possible)