---
title: "വല്ലാത്തൊരു പിടിയായിപ്പോയി ....! ഭർത്താവിന്റെ മർദ്ദനത്തിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ; പിന്തുടർന്നെത്തിയ ഭർത്താവിൽ നിന്ന് എം.ഡി.എം.എ പിടികൂടി"
english_title: "Husband Following Wife To Chathannoor Police Station Arrested With MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381579/husband-following-wife-police-station-arrested-mdma-chathannoor"
published_at: "2026-09-07T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9eef553d3d3_husband-following-wife-police-station-arrested-mdma-chathannoor.jpg"
keywords: ["MDMA Case", "Chathannoor Police Station", "MDMA Arrest Kollam"]
---

# വല്ലാത്തൊരു പിടിയായിപ്പോയി ....! ഭർത്താവിന്റെ മർദ്ദനത്തിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ; പിന്തുടർന്നെത്തിയ ഭർത്താവിൽ നിന്ന് എം.ഡി.എം.എ പിടികൂടി

> **Lead Summary:** **കൊല്ലം**: ഭർത്താവിന്റെ ക്രൂരമർദ്ദനം സഹിക്കവയ്യാതെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ പിന്തുടർന്നെത്തിയ ഭർത്താവിനെ എം.ഡി.എം.എയുമായി ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോരാണി കെ.കെ. ഭവനിൽ സനൽകുമാറിനെയാണ് പോലീസ് എം.ഡി.എം.എയുമായി കസ്റ്റഡിയിലെടുത്തത്.

## Article Content

**കൊല്ലം**: ഭർത്താവിന്റെ ക്രൂരമർദ്ദനം സഹിക്കവയ്യാതെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ പിന്തുടർന്നെത്തിയ ഭർത്താവിനെ എം.ഡി.എം.എയുമായി ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോരാണി കെ.കെ. ഭവനിൽ സനൽകുമാറിനെയാണ് പോലീസ് എം.ഡി.എം.എയുമായി കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സനൽകുമാർ ഭാര്യയെ ദാരുണമായി മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ സനൽകുമാർ അവിടെയും പിന്തുടർന്നു. തുടർന്ന് ഇയാളിൽ നിന്ന് രക്ഷപ്പെടാൻ യുവതി ഓട്ടോറിക്ഷയിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

ഇവരെ പിന്തുടർന്ന് ബൈക്കിൽ സ്റ്റേഷൻ വളപ്പിലെത്തിയ സനൽകുമാർ വാഹനം മറിഞ്ഞുവീണു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഒൻപത് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1.1 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റ ഭാര്യയെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

A 51-year-old man, Sanalkumar, was arrested with MDMA at Chathannoor police station while pursuing his wife, who had gone there to file a complaint against him for domestic abuse. The incident occurred after Sanalkumar assaulted his wife while returning from a funeral. As she attempted to seek medical help and later reached the police station in an auto-rickshaw to lodge a complaint, Sanalkumar followed her on a motorbike and lost balance inside the station premises. Suspicious of his behavior, police searched him and seized 1.1 grams of MDMA packed in nine small sachets. He was arrested under the NDPS Act and remanded by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381579/husband-following-wife-police-station-arrested-mdma-chathannoor)