---
title: "കടിഞ്ഞൂൽ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; 24കാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു"
english_title: "Kondotty Private Hospital Delivery Death Health Department Inquiry Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381562/kondotty-private-hospital-delivery-death-health-department-inquiry"
published_at: "2026-09-07T20:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ed31d6091d_kondotty-private-hospital-delivery-death-health-department-inquiry.jpg"
keywords: ["Delivery Death", "Reem Sithara Death", "Medical Negligence Allegation"]
---

# കടിഞ്ഞൂൽ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; 24കാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു

> **Lead Summary:** **മലപ്പുറം: **കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ 24-കാരി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രസവ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും വീഴ്ചയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് നടപടി.

## Article Content

**മലപ്പുറം: **കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ 24-കാരി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രസവ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും വീഴ്ചയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് നടപടി.

മഞ്ചേരി മറിയാട് സ്വദേശി പി. മുഹമ്മദ് വസീമിന്റെ ഭാര്യ റീം സിത്താര (24) ആണ് ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊണ്ടോട്ടി തുറക്കൽ സ്വദേശികളായ ജാബിർ പള്ളത്തിന്റെയും ഷരീന മണ്ണാരിലിന്റെയും മകളാണ് റീം സിത്താര.

വെള്ളിയാഴ്ചയാണ് റീം സിത്താര കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കടിഞ്ഞൂൽ പ്രസവത്തിന് പിന്നാലെ യുവതിക്ക് അമിത രക്തസ്രാവമുണ്ടാവുകയും തുടർന്ന് ആരോഗ്യനില വഷളാവുകയുമായിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് രക്തം നൽകിയെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശു നിലവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസവ സമയത്ത് തന്നെ അവസ്ഥ ഗുരുതരമായിരുന്നിട്ടും ആവശ്യമായ കരുതലോ ചികിത്സയോ നൽകുന്നതിൽ കൊണ്ടോട്ടിയിലെ ആശുപത്രി അധികൃതർ പരാജയപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് വിഷയം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചതായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ വിനോദ് അറിയിച്ചു.

കൊണ്ടോട്ടിയിലെ ചികിത്സയ്ക്കിടെ തന്നെ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം തുടർന്നടപടികൾ സ്വീകരിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കിക്കഴിഞ്ഞു.

**English Summary:**

The Health Department has launched an investigation into the death of a 24-year-old woman, Reem Sithara, following childbirth at a private hospital in Kondotty, Malappuram. The deceased, wife of P. Muhammed Vasim, suffered heavy postpartum hemorrhage after giving birth to a baby boy on Friday. Though she was rushed to a private hospital in Kozhikode for expert care, she passed away early Saturday morning. Her family alleged medical negligence by the hospital authorities. Malappuram DMO Vinod confirmed that an official inquiry is underway into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381562/kondotty-private-hospital-delivery-death-health-department-inquiry)