---
title: "‘അവൾക്ക് ജോലി മടുത്തിരുന്നു....വഴക്ക് കേട്ടിരുന്നു’; ജപ്പാനിൽ ട്രെയിൻതട്ടി മരിച്ച ദേവികയുടെ കുടുംബം, മൃതദേഹം നാട്ടിൽ എത്തിക്കില്ല, ജപ്പാനിൽ സംസ്കരിക്കും"
english_title: "Iritty Native Devika Death Japan Train Accident Body Cremation in Japan Family Decision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381467/iritty-devika-death-japan-train-accident-body-cremation-japan"
published_at: "2026-09-07T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e542b6810a_iritty-devika-death-japan-train-accident-body-cremation-japan.jpg"
keywords: ["Japan Train Accident", "Train Death", "Devika Death"]
---

# ‘അവൾക്ക് ജോലി മടുത്തിരുന്നു....വഴക്ക് കേട്ടിരുന്നു’; ജപ്പാനിൽ ട്രെയിൻതട്ടി മരിച്ച ദേവികയുടെ കുടുംബം, മൃതദേഹം നാട്ടിൽ എത്തിക്കില്ല, ജപ്പാനിൽ സംസ്കരിക്കും

> **Lead Summary:** ഇരിട്ടി: ജപ്പാനിൽ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. ഹിന്ദു ആചാരപ്രകാരം ജപ്പാനിൽത്തന്നെ സംസ്കരിക്കുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചു.

## Article Content

ഇരിട്ടി: ജപ്പാനിൽ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. ഹിന്ദു ആചാരപ്രകാരം ജപ്പാനിൽത്തന്നെ സംസ്കരിക്കുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചു.

പടിയൂർ നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകളാണ് ദേവിക. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 വരെ തന്നോടും ഭാര്യയോടും മകൾ ഏറെനേരം ഫോണിൽ സംസാരിച്ചിരുന്നതായി പിതാവ് പറഞ്ഞു.

തുടർന്ന് മൂന്നും നാലും തീയതികളിൽ ഫോണിൽ വിളിച്ചെങ്കിലും ദേവികയെ ബന്ധപ്പെടാനായില്ല. നാലാം തീയതി ഉച്ചയോടെയാണ് ദേവികയെ കാണാനില്ലെന്ന വിവരം ജപ്പാനിൽനിന്ന് കുടുംബത്തിന് ലഭിച്ചത്. പിന്നാലെയാണ് തീവണ്ടിതട്ടി മരിച്ചുവെന്ന വിവരവും ലഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തിലാണ് ബുള്ളറ്റ് ട്രെയിൻ തട്ടി ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി അറിയുന്നത്. സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം ദേവികയുടേതാണെന്ന് സ്ഥിരീകരിച്ചത്.

എന്നാൽ മകൾ ഇത്തരമൊരു കൃത്യത്തിന് മുതിരാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് പിതാവ് പറഞ്ഞു. ലാബ് ടെക്‌നീഷ്യൻ കോഴ്സ് പഠിച്ച ദേവിക ജപ്പാനിൽ നഴ്‌സിങ് കെയറായി ജോലി ചെയ്തുവരികയായിരുന്നു.

ജോലിയിൽ കടുത്ത സമ്മർദമുണ്ടായിരുന്നെന്നും പലപ്പോഴും വലിയതോതിൽ വഴക്ക് കേൾക്കേണ്ടി വന്നിരുന്നെന്നും ജോലി മടുത്തുവെന്ന് ദേവിക പറഞ്ഞിരുന്നതായും പിതാവും ബന്ധുക്കളും പറയുന്നു. ഇതാകാം മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ സംശയം.

രണ്ടുദിവസത്തിനുള്ളിൽ പോലീസിലും നോർക്കയിലും ഇന്ത്യൻ എംബസിയിലും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നത് പ്രയാസമായതിനാലാണ് ജപ്പാനിൽത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്.

അന്ത്യകർമങ്ങൾക്കായി ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സജീവ് ജോസഫ് എം.എൽ.എ. ദേവികയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

**English Summary:**

Body of Devika, native of Iritty found dead after being hit by train in Japan, will not be brought home, her father said. Last rites will be performed in Japan as per Hindu rituals. Devika, daughter of Prakashan and Beena of Thekkanveettil, Padiyoor Nidiyodi, was working as nursing care staff in Japan after lab technician course. Family says she faced severe work pressure. Body was found mangled after bullet train hit, identified via ID card. Family plans to complain to police, Norka and Indian Embassy and bring ashes home for final rites.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381467/iritty-devika-death-japan-train-accident-body-cremation-japan)