---
title: "ഭരണത്തുടർച്ച ദുർബലപ്പെടുത്തി;  ‘മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം, കൂടുതൽ ജാഗ്രത പുലർത്തണം ’; വിശാല സംസ്ഥാന സമിതിക്കുള്ള സി.പി.എം രേഖ "
english_title: "CPM Draft Calls for Stronger Secular Politics and Course Correction in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381404/cpm-draft-stronger-secular-politics-course-correction-kerala"
published_at: "2026-09-07T04:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9df408ee71f_cpm-draft-stronger-secular-politics-course-correction-kerala.jpg"
keywords: ["CPM Kerala", "Secular Politics", "CPM State Committee", "Kerala Politics", "Political Review"]
---

# ഭരണത്തുടർച്ച ദുർബലപ്പെടുത്തി;  ‘മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം, കൂടുതൽ ജാഗ്രത പുലർത്തണം ’; വിശാല സംസ്ഥാന സമിതിക്കുള്ള സി.പി.എം രേഖ 

> **Lead Summary:** **തിരുവനന്തപുരം:** സി.പി.എമ്മിന്റെ മതനിരപേക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ശരിയായ രീതിയിൽ ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുകയും പോരായ്മകൾ തിരുത്തി മുന്നോട്ടുപോകുകയും വേണമെന്ന് വിശാല സംസ്ഥാന സമിതിക്കായുള്ള കരട് രേഖയിൽ നിർദേശിക്കുന്നതായി റിപ്പോർട്ട്. ജാതി-മത അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം വർധിക്കുന്നത് പാർട്ടിയുടെ വോട്ട് ബാങ്കിനെ ബാധിക്കുന്നതായി രേഖ വിലയിരുത്തുന്നതായും വർഗീയ കൂട്ടുകെട്ടുകൾക്കെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിൽ പാർട്ടി കൂടുതൽ ജാഗ്രത പുലർത്തണമെന്നും രേഖയിൽ പറയുന്നതായാണ് വിവരം.

## Article Content

**തിരുവനന്തപുരം:** സി.പി.എമ്മിന്റെ മതനിരപേക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ശരിയായ രീതിയിൽ ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുകയും പോരായ്മകൾ തിരുത്തി മുന്നോട്ടുപോകുകയും വേണമെന്ന് വിശാല സംസ്ഥാന സമിതിക്കായുള്ള കരട് രേഖയിൽ നിർദേശിക്കുന്നതായി റിപ്പോർട്ട്. ജാതി-മത അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം വർധിക്കുന്നത് പാർട്ടിയുടെ വോട്ട് ബാങ്കിനെ ബാധിക്കുന്നതായി രേഖ വിലയിരുത്തുന്നതായും വർഗീയ കൂട്ടുകെട്ടുകൾക്കെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിൽ പാർട്ടി കൂടുതൽ ജാഗ്രത പുലർത്തണമെന്നും രേഖയിൽ പറയുന്നതായാണ് വിവരം.

നിലവിലെ വിവാദങ്ങളെക്കുറിച്ച് കാര്യമായ പരാമർശങ്ങളില്ലെങ്കിലും സംസ്ഥാന കമ്മിറ്റി നേരത്തേ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. തുടർഭരണം ഉണ്ടായ ബംഗാളിലേതിന് സമാനമായി, ഭരണത്തുടർച്ചയുടെ ഘട്ടത്തിൽ കേരളത്തിലും പാർട്ടിയും വർഗബഹുജന സംഘടനകളും ദുർബലപ്പെട്ടെന്ന സ്വയംവിമർശനവും കരട് രേഖയിലുണ്ടെന്നാണ് വിവരം.

ഇടതുപക്ഷത്ത് വലതുപക്ഷവത്കരണം നടക്കുന്നുവെന്ന പ്രചാരണം വ്യാപകമായി നടന്നതായും രേഖ ചൂണ്ടിക്കാട്ടുന്നതായി റിപ്പോർട്ടുണ്ട്. പാർലമെന്ററി പ്രവർത്തനത്തിനും സംഘടനാ പ്രവർത്തനത്തിനും സി.പി.എമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭ-പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ലെന്നും രേഖ വിലയിരുത്തുന്നതായാണ് വിവരം.

എല്ലാ മേഖലയിലും വലിയ കുതിപ്പ് സൃഷ്ടിച്ച സർക്കാറിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ടായിരുന്നെങ്കിലും നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നാണ് രേഖയുടെ വിലയിരുത്തൽ. പോരായ്മകൾ തിരുത്തിയും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചും മുന്നോട്ടുപോകണമെന്നും കേരളത്തിലെ ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുന്നത് രാജ്യത്തെ ജനകീയ പോരാട്ടത്തിന് അനിവാര്യമാണെന്നും രേഖയിൽ പറയുന്നതായി റിപ്പോർട്ടുണ്ട്.

1977ലെ അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ മാത്രമാണ് സി.പി.എമ്മിന് ജയിക്കാനായത്. 20 പാർലമെന്റ് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. എന്നാൽ പിന്നീട് ഈ തിരിച്ചടികളെ അതിജീവിച്ച് പലവട്ടം ഭരണം കൈയാളിയെന്നും രേഖ ചൂണ്ടിക്കാട്ടുന്നു . ദൗർബല്യങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കി പ്രവർത്തനത്തെ മുന്നോട്ടുനയിക്കണമെന്നും തിരിച്ചടിയെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും രേഖ നിർദേശിക്കുന്നതായി റിപ്പോർട്ടുണ്ട്.

സർക്കാറിന്റെ എല്ലാ പദ്ധതികളെയും വിമർശിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളോടൊപ്പം യു.ഡി.എഫ് ശ്രമിച്ചതെന്നും എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികളെയും യോജിപ്പിക്കാനും ഇവർ ശ്രമിച്ചെന്നും കരട് രേഖയിൽ പറയുന്നു . സർക്കാർവിരുദ്ധ വികാരം തുടർച്ചയായി നിലനിർത്താനുള്ള ആസൂത്രിത ശ്രമങ്ങളുണ്ടായെന്നും രേഖ വിലയിരുത്തുന്നതായി റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ പാർട്ടിക്കെതിരായ ശക്തികളെയാകെ യോജിപ്പിച്ച് കൊണ്ടുപോകാൻ നടത്തിയ ഇടപെടലാണ് ഇടതുമുന്നണിയുടെ പരാജയത്തിന്റെ പ്രധാന കാരണമെന്നും കരട് രേഖയിൽ പറയുന്നതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381404/cpm-draft-stronger-secular-politics-course-correction-kerala)