---
title: "'102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും, എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?' -എം വി ജയരാജൻ"
english_title: "MV Jayarajan Criticizes UDF And Chirayinkeezhu MLA Over Violence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381400/mv-jayarajan-criticizes-udf-chirayinkeezhu-mla-violence"
published_at: "2026-09-06T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d945e1397a_mv-jayarajan-criticizes-udf-chirayinkeezhu-mla-violence.jpg"
keywords: ["MV Jayarajan", "CPIM Kerala", "UDF Kerala", "Chirayinkeezhu MLA", "UDF"]
---

# '102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും, എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?' -എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ: ** തിരുവനന്തപുരം ചിറയിൻകീഴിലുണ്ടായ സംഘർഷത്തിൽ യു.ഡി.എഫിനെയും സ്ഥലത്തെ എം.എൽ.എയെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. 102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുകയാണെന്നും കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് യു.ഡി.എഫിൽ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

## Article Content

**കണ്ണൂർ: ** തിരുവനന്തപുരം ചിറയിൻകീഴിലുണ്ടായ സംഘർഷത്തിൽ യു.ഡി.എഫിനെയും സ്ഥലത്തെ എം.എൽ.എയെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. 102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുകയാണെന്നും കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് യു.ഡി.എഫിൽ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

ചിറയിൻകീഴ് എം.എൽ.എയ്ക്ക് മാതൃക മുഖ്യമന്ത്രിയാണെന്നും കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ട മുഖ്യമന്ത്രിയുടെ വഴി തന്നെയാണ് എം.എൽ.എയും സ്വീകരിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു. ഭരണത്തിന്റെ ശേഷിക്കുന്ന മാസങ്ങളിൽ ഇനിയും എന്തെല്ലാം ദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കേണ്ടി വരികയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കരാറുകാരിൽ നിന്ന് പണം പിരിക്കാനായി എം.എൽ.എ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ആരോപിക്കുന്നുണ്ട്. ഇത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗങ്ങളിൽ ഗുണ്ടാസംഘത്തിലെ അനുയായികളെ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തതിനാണ് അക്രമം നടന്നത്. കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും വീടുകയറി മർദ്ദിച്ചുകൊണ്ടാണ് എം.എൽ.എ സ്വന്തം കരുത്ത് കാട്ടിയതെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.

**ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…**

***102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും.***

***102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് മാതൃകയാക്കുകയാണ് ചിറയിൻകീഴ് എം.എൽ.എ. കരാറുകാരിൽ നിന്നും പണം പിരിക്കാനായി ഒരു സംഘത്തെ എം.എൽ.എ നിയോഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ***

***അത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗത്തിൽ ഗുണ്ടാസംഘത്തിലെ അനുയായികളെ എം.എൽ.എ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തപ്പോൾ ഗുണ്ടാസംഘവുമായി വീട്ടിൽ കയറി ചിറയിൻകീഴ് മണ്ഡലത്തിലെ കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയേക്കാൾ കരുത്ത് ചിറയിൻകീഴ് എം.എൽ.എ കാട്ടിയത്.***

***പ്രതിപക്ഷത്തിരിക്കുമ്പോൾ വടകര എം.പി തന്നെ ആദ്യം പ്രസംഗിക്കാൻ വിളിക്കാത്തതിന് വേദിയിലിരുന്ന അധ്യക്ഷനായ കോൺഗ്രസ് നേതാവിനെ കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കിയത് എം.എൽ.എക്ക് ആവേശം പകർന്നിട്ടുണ്ടാകും. വീട്ടിൽ കയറി മർദ്ദിച്ചതിന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പോലീസിന് നൽകിയ പരാതിയിൽ കേസില്ല. എന്നാൽ തന്നെ മർദ്ദിച്ചു എന്ന എം.എൽ.എയുടെ പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്തു.***

***ഭാവിയിൽ മന്ത്രി കുപ്പായത്തിനായി കാത്തിരിക്കുന്ന പാലാ എം.എൽ.എ വഞ്ചനാ കേസിൽ ശിക്ഷിക്കപ്പെട്ടു. അതാവട്ടെ കോടികളുടെ തട്ടിപ്പാണ് താനും. മറ്റൊരു എം.എൽ.എ പട്ടയത്തിനായി കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായി. പരാതി നൽകിയ ആളെ ഭീഷണിപ്പെടുത്താൻ വി.ഡിയുടെ മാതൃക സ്വീകരിക്കാൻ എം.എൽ.എ മറന്നുപോയിട്ടുമില്ല. ***

***മാസം മൂന്നേ കഴിഞ്ഞിട്ടുള്ളൂ. മൂന്നിനകം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ, സദാചാര മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ടീം യു.ഡി.എഫിൽ നിന്ന് ഉണ്ടായി. ജനം ചോദിക്കുകയാണ്, ശേഷിക്കുന്ന 57 മാസങ്ങളിൽ ടീം യു.ഡി.എഫിൽ നിന്നും എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?***

***എം.വി. ജയരാജൻ***

**English Summary:**

CPI(M) State Secretariat member M.V. Jayarajan strongly criticized the UDF and the Chirayinkeezhu MLA over the recent conflict in Chirayinkeezhu. In a Facebook post, Jayarajan alleged that the UDF's massive majority of 102 MLAs has driven them to arrogance, leading to unprecedented infighting within the party. He accused the local MLA of forming a gang for illegal extortion from contractors and stated that when a Congress Mandalam Vice President and his wife questioned these acts, the MLA and his henchmen physically assaulted them at their residence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381400/mv-jayarajan-criticizes-udf-chirayinkeezhu-mla-violence)