---
title: "സത്യ നികേതനിൽ ആറുനില കെട്ടിടം തകർന്നു വീണു; മരണം മൂന്നായി, ഉടമയ്ക്കായി തെരച്ചിൽ"
english_title: "Delhi Satya Niketan Building Collapse Three Students Dead Rescue Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381395/delhi-satya-niketan-building-collapse-three-dead-students-trapped"
published_at: "2026-09-06T21:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d883325d76_delhi-satya-niketan-building-collapse-three-dead-students-trapped.jpg"
keywords: ["Delhi Building Collapse", "Satya Niketan Accident", "Delhi University Students", "NDRF Rescue Delhi"]
---

# സത്യ നികേതനിൽ ആറുനില കെട്ടിടം തകർന്നു വീണു; മരണം മൂന്നായി, ഉടമയ്ക്കായി തെരച്ചിൽ

> **Lead Summary:** **ന്യൂഡൽഹി: **ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ ആറുനില കെട്ടിടം തകർന്നുണ്ടായ ദാരുണ അപകടത്തിൽ മരണം മൂന്നായി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

**ന്യൂഡൽഹി: **ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ ആറുനില കെട്ടിടം തകർന്നുണ്ടായ ദാരുണ അപകടത്തിൽ മരണം മൂന്നായി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഡൽഹി സർവകലാശാലയിലെ ആൺകുട്ടികൾക്ക് പേയിങ് ഗസ്റ്റായി (PG) താമസിക്കാൻ സൗകര്യമൊരുക്കിയിരുന്ന 'ഹോസ്റ്റൽ ഡേസ്' എന്ന കെട്ടിടമാണ് പൂർണ്ണമായി നിലംപൊത്തിയത്.

അപകടസമയത്ത് അമ്പതോളം വിദ്യാർത്ഥികൾ കെട്ടിടത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേരും വീടുകളിലേക്ക് പോയത് വലിയ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. നിലവിൽ എട്ടുപേരെ രക്ഷാസേന പുറത്തെടുത്തിട്ടുണ്ടെങ്കിലും 20 മുതൽ 25 ഓളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. കെട്ടിട ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏകദേശം 50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഡൽഹി പോലീസ്, എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.

സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

**English Summary:**

The death toll in the six-story building collapse in South Delhi's Satya Niketan area has risen to three, with two others in critical condition. The incident occurred around 1:30 PM on Sunday at a PG facility primarily housing Delhi University students. Nearly 20 to 25 people are still feared trapped under the debris. Around 50 years old, the building was undergoing renovation work when it collapsed. Joint rescue operations by the Delhi Police, NDRF, and Fire Services are underway, and nearby buildings have been evacuated as a precaution.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381395/delhi-satya-niketan-building-collapse-three-dead-students-trapped)