---
title: "മരണത്തിലും വേർപിരിയാതെ... പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു, മണിക്കൂറുകൾക്കകം പ്രതിശ്രുത വരൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി "
english_title: "Konni Plus Two Student Suicides Followed By Fiance Death In Ernakulam Train Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381366/konni-plus-two-student-suicide-fiance-dies-train-accident-ernakulam"
published_at: "2026-09-06T14:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d3819b1928_konni-plus-two-student-suicide-fiance-dies-train-accident-ernakulam.jpg"
keywords: ["Suicide Case", "Konni Suicide Case"]
---

# മരണത്തിലും വേർപിരിയാതെ... പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു, മണിക്കൂറുകൾക്കകം പ്രതിശ്രുത വരൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി 

> **Lead Summary:** **പത്തനംതിട്ട: ** പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയതിന് പിന്നാലെ, പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവും ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.

## Article Content

**പത്തനംതിട്ട: ** പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയതിന് പിന്നാലെ, പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവും ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.

പ്രവീണുമായി അടുപ്പത്തിലായിരുന്ന ബന്ധു കൂടിയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രവീണയെ കഴിഞ്ഞ ദിവസം കോന്നിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രവീണ ആത്മഹത്യ ചെയ്തത്.

എലിമുള്ളുംപ്ലാക്കൽ സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്ന പ്രവീണുമായി പെൺകുട്ടിയുടെ വിവാഹം നേരത്തെ തന്നെ വീട്ടുകാർ ഉറപ്പിച്ചു വെച്ചിരുന്നതായിരുന്നു. പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞ മാനസിക വിഷമത്തിലാണ് പ്രവീൺ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച പ്രവീണയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വസതിയിലേക്ക് കൊണ്ടുപോയി. എറണാകുളത്ത് വെച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് വിട്ടുനൽകുക.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
***

**English Summary:**

In a tragic incident in Pathanamthitta, a 21-year-old youth named Praveen committed suicide by jumping in front of a train at Ernakulam North Railway Station, shortly after his fiancée, a Plus Two student named Praveena, took her own life. Praveena was found hanging at her home in Konni when no one was around. The wedding between the relatives had already been fixed by their families. Following post-mortem procedures at Konni Medical College, Praveena's body was shifted to her residence, while Praveen's relatives reached Ernakulam to receive his body after inquest procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381366/konni-plus-two-student-suicide-fiance-dies-train-accident-ernakulam)