---
title: "ചൂടിൽ വെന്തുരുകി കേരളം...!  പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ...; മൂന്ന് ദിവസത്തേക്ക് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു"
english_title: " Kerala Temperature Rises After Rain Break IMD Warning UV Index High Punalur Hottest 36.2 Degree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381364/kerala-temperature-rise-rain-break-warning-punalur-36-degree-uv-index"
published_at: "2026-09-06T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d2e6c672ab_kerala-temperature-rise-rain-break-warning-punalur-36-degree-uv-index.jpg"
keywords: ["Kerala Temperature Rise", "Kerala Weather Warning", "Punalur Hottest Temperature"]
---

# ചൂടിൽ വെന്തുരുകി കേരളം...!  പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ...; മൂന്ന് ദിവസത്തേക്ക് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

ഇതിനൊപ്പം അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു അന്ന് പുനലൂരിലെ താപനില. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്ന നിലയിലാണ് തുടരുന്നത്.

നിലവിൽ യു.വി. ഇൻഡക്സ് ഏഴ് മുതൽ എട്ട് വരെയായി ഉയർന്നിട്ടുണ്ട്. സൂപ്പർ എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴമേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയമായതും ചൂട് കൂടുതൽ വർധിപ്പിക്കുന്നുണ്ട്.

ജാഗ്രത നിർദേശങ്ങൾ

***കേരളത്തിൽ ഇന്ന് (06/09/2026) മുതൽ (08/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.***

***ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.***

**** പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.***

**** ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.***

**** നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.***

**** അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.***

**** പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.***

**** പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381364/kerala-temperature-rise-rain-break-warning-punalur-36-degree-uv-index)