---
title: "പശ്ചിമേഷ്യ വീണ്ടും പുകയുന്നു: അമേരിക്കയുടേത് ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ച് ഇറാൻ; തിരിച്ചടിച്ച് യുഎസും"
english_title: "Middle East Crisis Iran Attacks Six Ships Including US Oil Tankers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381306/middle-east-crisis-iran-attacks-us-ships-tensions-escalate"
published_at: "2026-09-06T07:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cc876edf65_middle-east-crisis-iran-attacks-us-ships-tensions-escalate.jpg"
keywords: ["Middle East Conflict", "Iran US War", "Hormuz Strait Crisis"]
---

# പശ്ചിമേഷ്യ വീണ്ടും പുകയുന്നു: അമേരിക്കയുടേത് ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ച് ഇറാൻ; തിരിച്ചടിച്ച് യുഎസും

> **Lead Summary:** **ടെഹ്‌റാൻ: ** പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. അമേരിക്കയുടേത് അടക്കം ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ സൈന്യം വെളിപ്പെടുത്തി.

## Article Content

**ടെഹ്‌റാൻ: ** പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. അമേരിക്കയുടേത് അടക്കം ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ സൈന്യം വെളിപ്പെടുത്തി.

അതേസമയം, ഇന്നലെ ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണം ഗുരുതരമായ യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

മേഖലയിൽ നാവിക ഉപരോധം തുടരാനാണ് നീക്കമെങ്കിൽ അമേരിക്കൻ സൈനിക കപ്പലുകൾക്ക് നേരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ചതിനാണ് മൂന്ന് എണ്ണക്കപ്പലുകൾ തകർത്തതെന്ന് ഐആർജിസി അവകാശപ്പെട്ടു. ഇതിനുപുറമേ അമേരിക്കയുമായി ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയതായി സംഘം വ്യക്തമാക്കുന്നു. രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് തിരിച്ചടി നടത്തിയത്. എന്നാൽ ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും തകർത്തുകളയാൻ അമേരിക്കയ്ക്ക് ശേഷിയുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പ്രതികരിച്ചു.

മറുവശത്ത്, തെക്കൻ ലെബനോനിലേക്ക് ഇസ്രായേൽ ആക്രമണം തുടരുകയാണ്. സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ അടിയന്തര മധ്യസ്ഥ ശ്രമങ്ങളുമായി വിവിധ അന്താരാഷ്ട്ര രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. അമേരിക്കയുമായി നടത്തിയ ഏറ്റവും പുതിയ സമാധാന ചർച്ചകളെക്കുറിച്ചും ഇനിയും പരിഹരിക്കപ്പെടാത്ത വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

**English Summary:**

> Tensions in the Middle East escalated significantly as Iran claimed to have attacked six ships, including three linked to the US. Tehran labeled recent US strikes on three Iranian oil tankers near Kharg Island a "war crime." The Islamic Revolutionary Guard Corps (IRGC) warned of further attacks on US military vessels if naval blockades persist. In response, US Defense Secretary Pete Hegseth stated the US has the capability to destroy Iran's entire oil fleet. Meanwhile, diplomatic efforts are underway, with Turkey's Foreign Minister Hakan Fidan discussing peace prospects with Iranian counterpart Abbas Araghchi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381306/middle-east-crisis-iran-attacks-us-ships-tensions-escalate)