---
title: "കയ്പ്പമംഗലം വാഹനാപകടം, പൊലിഞ്ഞത് എട്ട് ജീവനുകൾ; തൃശ്ശൂരിൽ ദേശീയപാത സുരക്ഷാ പരിശോധന, കർശന നിർദ്ദേശവുമായി ജില്ലാകളക്ടർ "
english_title: "Safety Inspection on National Highway in Thrissur Following Kaipamangalam Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381305/thrissur-national-highway-safety-inspection-kaipamangalam-accident"
published_at: "2026-09-06T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cc74cb3891_thrissur-national-highway-safety-inspection-kaipamangalam-accident.jpg"
keywords: ["Kaipamangalam Accident", "National Highway Safety Inspection", "Illegal Parking", "Accident"]
---

# കയ്പ്പമംഗലം വാഹനാപകടം, പൊലിഞ്ഞത് എട്ട് ജീവനുകൾ; തൃശ്ശൂരിൽ ദേശീയപാത സുരക്ഷാ പരിശോധന, കർശന നിർദ്ദേശവുമായി ജില്ലാകളക്ടർ 

> **Lead Summary:** **തൃശ്ശൂർ: **കയ്പ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ വൻ വാഹനാപകടത്തിന് പിന്നാലെ തൃശ്ശൂർ ജില്ലയിലെ ദേശീയപാതയിൽ വിപുലമായ സുരക്ഷാ പരിശോധന ആരംഭിക്കുന്നു.

## Article Content

**തൃശ്ശൂർ: **കയ്പ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ വൻ വാഹനാപകടത്തിന് പിന്നാലെ തൃശ്ശൂർ ജില്ലയിലെ ദേശീയപാതയിൽ വിപുലമായ സുരക്ഷാ പരിശോധന ആരംഭിക്കുന്നു.

ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടപ്പിലാക്കുന്നത്. റോഡുകളിലെ സുരക്ഷാ സംവിധാനങ്ങളും നിലവിലെ ട്രാഫിക് ക്രമീകരണങ്ങളും സംഘം നേരിട്ടെത്തി സമഗ്രമായി വിലയിരുത്തും.

ദേശീയപാതകളിൽ ഡ്രൈവർമാർക്ക് ആവശ്യമായ സൂചന ബോർഡുകളും ബാരിക്കേടുകളും കൃത്യമായി സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധനയിൽ വിലയിരുത്തും. കൂടാതെ, റോഡരികുകളിലെ അനധികൃത പാർക്കിങ്ങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദേശീയപാതയിൽ മതിയായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും റോഡരികിലെ അനധികൃത പാർക്കിങ്ങുമാണ് കയ്പ്പമംഗലത്ത് ഉണ്ടായ വൻ ദുരന്തത്തിന് വഴിവെച്ചത് എന്ന ശക്തമായ ആക്ഷേപം ഉയർന്നിരുന്നു. കയ്പ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് തമിഴ്‌നാട് സ്വദേശികളായ എട്ട് വിദ്യാർത്ഥികൾ മരണപ്പെട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാതകളിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടായിരിക്കുന്നത്.

**English Summary:**

Following the tragic road accident in Kaipamangalam that claimed the lives of eight students, authorities have initiated a comprehensive safety inspection along the National Highway in Thrissur district. A joint team comprising National Highways Authority project directors, police, Motor Vehicles Department officials, and local body representatives will inspect road safety measures, signage, and barricades. Additionally, the District Collector has instructed officials to file FIRs and take strict action against illegal parking, which was widely alleged to be a key factor leading to the fatal crash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381305/thrissur-national-highway-safety-inspection-kaipamangalam-accident)