---
title: "പുതുയുഗ കേരളത്തിന് പുതിയ ആശയങ്ങൾ പങ്കുവെച്ച് 'റീ ഇമാജിനിങ് കേരളം': സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ സംഗമത്തിന് സമാപനം"
english_title: "Re Imagining Kerala Leadership Conclave Ends At IIM Kozhikode VD Satheesan Cabinet Ministers Participate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381235/re-imagining-kerala-leadership-conclave-iim-kozhikode-vd-satheesan-cabinet-concludes"
published_at: "2026-09-05T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9be2368f29b_re-imagining-kerala-leadership-conclave-iim-kozhikode-vd-satheesan-cabinet-concludes.jpg"
keywords: ["Re Imagining Kerala", "IIM Kozhikode Leadership Workshop", "VD Satheesan Cabinet", "Kerala Development Conclave"]
---

# പുതുയുഗ കേരളത്തിന് പുതിയ ആശയങ്ങൾ പങ്കുവെച്ച് 'റീ ഇമാജിനിങ് കേരളം': സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ സംഗമത്തിന് സമാപനം

> **Lead Summary:** കോഴിക്കോട് : പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായുള്ള ദ്വിദിന 'റീ ഇമാജിനിങ് കേരളം' നേതൃത്വ ശില്പശാല സമാപിച്ചു.

## Article Content

കോഴിക്കോട് : പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായുള്ള ദ്വിദിന 'റീ ഇമാജിനിങ് കേരളം' നേതൃത്വ ശില്പശാല സമാപിച്ചു.

**

സെപ്റ്റംബർ 4, 5 തീയതികളിലായി നടന്ന സംഗമത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു ഖേൽക്കർ, ഓ.എസ്.ഡി എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്തു.

കൃത്രിമ ബുദ്ധിയുടെ കാലത്തെ പരിവർത്തനാത്മക നേതൃത്വം, കേരളത്തെ ആരോഗ്യ-ക്ഷേമ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന സമൂഹങ്ങളെ രൂപപ്പെടുത്തൽ, പൊതുജനാരോഗ്യത്തിന്റെ അടുത്ത ഘട്ടം, നയങ്ങളെ ഫലപ്രദമായ ഭരണത്തിലേക്ക് മാറ്റൽ തുടങ്ങിയ വിഷയങ്ങളാണ് ആദ്യദിവസം ചർച്ച ചെയ്തത്.

ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി, അരവിന്ദ് ഐ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ, ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി, ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.

രണ്ടാംദിവസം കേരളത്തിന്റെ സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ തുടങ്ങിയ നിർണായക വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

പ്രൊഫ. ദീപ സേതിയും പ്രൊഫ. പ്രിയ നായർ രാജീവും സിൽവർ ഇക്കോണമി സംബന്ധിച്ച സെഷന് നേതൃത്വം നൽകി. സാമ്പത്തിക-ധനകാര്യ മേഖലയിലെ ചർച്ചയിൽ പ്രൊഫ. മൃദുൽ കെ. സഗ്ഗറും പ്രൊഫ. വിപിൻ പി. വീറ്റിലും പങ്കെടുത്തു.

സംരംഭകത്വവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സെഷനിൽ പ്രൊഫ. ആശുതോഷ് സർക്കാർ, പ്രൊഫ. നൈസിൽ ജോർജ് എന്നിവരും ഉന്നത വിദ്യാഭ്യാസ രംഗത്തെ സെഷനിൽ പ്രൊഫ. ശ്രീജേഷ് എസ്., പ്രൊഫ. ദേവപ്രസാദ് എം., പ്രൊഫ. അങ്കൂർ ജെയിൻ, പ്രൊഫ. ശിൽപ സതീഷ് എന്നിവരും ആശയങ്ങൾ അവതരിപ്പിച്ചു.

തലമുറമാറ്റവും കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട അവസാന അക്കാദമിക് സെഷനിൽ ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി, പ്രൊഫ. അനന്തകുട്ടൻ ബി. ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. പ്രൊഫ. രാജേഷ് എസ്. ഉപാധ്യായുല, പ്രൊഫ. ഗ്ലാഡിസ് എസ്., പ്രൊഫ. ധരുൺ കാശിലിംഗം, പ്രൊഫ. ഐശ്വര്യ രാമസുന്ദരം എന്നിവർ സെഷന് ഏകോപനം നൽകി.

സംഗമത്തിന്റെ ഭാഗമായി ക്യാമ്പസിലെ അർജുന പഥിൽ മന്ത്രിസഭാംഗങ്ങളുടെ ഫോട്ടോ സെഷനും മുഖ്യമന്ത്രിയുടെ അശോക വൃക്ഷത്തൈ നടീലും നടന്നു. തുടർന്ന് ലൈബ്രറിക്കകത്തെ പരാമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറി സന്ദർശിക്കുകയും ചെയ്തു.

കേരളത്തിന്റെ മനുഷ്യകേന്ദ്രിത വികസന മാതൃക നിലനിർത്തിക്കൊണ്ട് സാമ്പത്തിക വളർച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യ-ക്ഷേമം, കാലാവസ്ഥാ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലുള്ള കേരളത്തിന്റെ സ്ഥാനം എന്നിവയിൽ പുതിയ ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന ആശയങ്ങൾ സംഗമത്തിൽ ഉയർന്നുവന്നു.

ഭരണസംവിധാനത്തെ കൂടുതൽ ഫലപ്രദവും ജനകേന്ദ്രിതവും ഭാവിയെ അഭിമുഖീകരിക്കുന്നതുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയത്തിനും സംഗമം വേദിയായി.

ഉച്ചയ്ക്ക് 1.15ന് എം.ഡി.സി ക്ലാസ്‌റൂം സി1ൽ നടന്ന സമാപനച്ചടങ്ങോടെയാണ് ദ്വിദിന സംഗമം ഔദ്യോഗികമായി സമാപിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ ഐ എം ഡയറക്‌ടർ സർട്ടിഫിക്കറ്റുകൾ നൽകി. ഐ. ഐ. എമ്മിന് കേരള സർക്കാറിൻ്റെ ഉപഹാരം ഡയറക്ടർ ദേബശിഷ് ചാറ്റർജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. 1.30 ഓടെയാണ് ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചത്.

English Summary:**

Two-day 'Re Imagining Kerala' leadership workshop for state cabinet members organized at IIM Kozhikode to find new development directions for new-age Kerala concluded. Held on September 4 and 5, it was attended by Chief Minister VD Satheesan and ministers PK Kunhalikutty, Ramesh Chennithala, Sunny Joseph, K Muraleedharan, Mons Joseph and others along with Chief Secretary Biswanath Sinha. Topics included transformative leadership in AI era, health-wellness tourism, climate resilience, public health next phase, policy to governance, silver economy mission, financial base strengthening, entrepreneurship and skill development, higher education excellence, generational transition and Kerala as global brand. Sessions were led by experts including IIMK Director Prof Debashis Chatterjee, Dr Devi Shetty and others. Programme included photo session at Arjuna Path, sapling planting by CM and Gurukulam classroom visit, and concluded with certificate distribution at MDC Classroom C1 at 1.15 pm.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381235/re-imagining-kerala-leadership-conclave-iim-kozhikode-vd-satheesan-cabinet-concludes)