---
title: "മക്കൾക്ക് മുന്നിൽവെച്ച് ക്രൂരത...! 'ഡാൻസ് ക്ലാസിൽ പോകണം'; പാചകം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തല്ലിക്കൊന്നു"
english_title: "Nagpur Man Beats Wife To Death For Refusing To Cook Husband Arrested Police Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381218/nagpur-woman-beaten-to-death-by-husband-for-refusing-to-cook-arrested"
published_at: "2026-09-05T13:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bca77086c1_nagpur-woman-beaten-to-death-by-husband-for-refusing-to-cook-arrested.jpg"
keywords: ["Crime News", "Husband Kills Wife", "Murder Case", "Domestic Violence"]
---

# മക്കൾക്ക് മുന്നിൽവെച്ച് ക്രൂരത...! 'ഡാൻസ് ക്ലാസിൽ പോകണം'; പാചകം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തല്ലിക്കൊന്നു

> **Lead Summary:** നാ​ഗ്പുർ: പാചകം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി. മ​ഹാരാഷ്ട്രയിലെ നാ​ഗ്പുരിലാണ് ദാരുണ സംഭവം. 38 കാരിയായ യാമിനി കൃഷ്ണ ലാൽ യാദവ് ആണ് മരിച്ചത്.

## Article Content

നാ​ഗ്പുർ: പാചകം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി. മ​ഹാരാഷ്ട്രയിലെ നാ​ഗ്പുരിലാണ് ദാരുണ സംഭവം. 38 കാരിയായ യാമിനി കൃഷ്ണ ലാൽ യാദവ് ആണ് മരിച്ചത്.

സംഭവത്തിൽ 41കാരനായ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെതിരെ പൊലീസ് കേസെടുത്തു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ തനിക്കും കുട്ടികൾക്കും ഭക്ഷണം തയ്യാറാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു.

എന്നാൽ, ഹൗസിങ് സൊസൈറ്റിയിൽ നടക്കുന്ന ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ പോകുന്നതിനാൽ യാമിനി ഭക്ഷണം പാചകം ചെയ്യാൻ വിസമ്മതിച്ചു.

തുടർന്നുണ്ടായ തർക്കത്തിനിടെ കൃഷ്ണ ലാൽ യാദവ് യാമിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ സമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മക്കളുടെ മുൻപിൽവെച്ചായിരുന്നു യാമിനിയെ ക്രൂരമായി മർദിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. യാമിനിയുടെ കഴുത്തിലും വയറിലുമാണ് കൃഷ്ണ ലാൽ മർദിച്ചത്. കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് വേദനസംഹാരികൾ വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

എന്നാൽ മരുന്നുകട അടഞ്ഞുകിടന്നതിനാൽ മരുന്ന് വാങ്ങാതെ ഇയാൾ മടങ്ങിയെത്തി. പിന്നാലെ യാമിനിയുടെ നില വഷളാവുകയും വയർ വീർക്കുകയും ചെയ്ചു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ യാമിനി മരിച്ചു.

ആന്തരിക പരിക്കുകളാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മർദനത്തിൽ യാമിനിയുടെ കഴുത്തിലെ അസ്ഥിക്ക് പൊട്ടലും കുടലിന് ഗുരുതരമായ പരിക്കുകൾ കണ്ടെത്തി.

പിന്നാലെ ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

**English Summary:**

Nagpur: A 38-year-old woman, Yamini Krishna Lal Yadav, was allegedly beaten to death by her husband for refusing to cook in Nagpur, Maharashtra. Police said her 41-year-old husband Krishna Lal Yadav allegedly assaulted her in an inebriated state in front of their two children after she refused to cook as she had to attend dance class. She suffered neck fracture and severe intestinal injuries, was hospitalized after her condition worsened and died during treatment. Police took husband into custody and recorded arrest, investigation ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381218/nagpur-woman-beaten-to-death-by-husband-for-refusing-to-cook-arrested)