---
title: "പ്രതീക്ഷകളത്രയും കരിഞ്ഞു! സ്ത്രീധന പീഡനം സഹിക്കാൻ വയ്യ; മൂന്ന് മക്കളുമായി നൽദുർഗ് കോട്ടയിൽ നിന്ന് ചാടിയ മുൻ ഗുസ്തി താരവും കുട്ടിയും മരിച്ചു"
english_title: "National Wrestling Champion Ashwini Pole Dies by Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381211/former-national-wrestling-champion-ashwini-pole-dies-by-suicide"
published_at: "2026-09-05T12:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bbd77f0e86_former-national-wrestling-champion-ashwini-pole-dies-by-suicide.jpg"
keywords: ["Wrestling Champion", "Dharashiv", "Domestic Violence"]
---

# പ്രതീക്ഷകളത്രയും കരിഞ്ഞു! സ്ത്രീധന പീഡനം സഹിക്കാൻ വയ്യ; മൂന്ന് മക്കളുമായി നൽദുർഗ് കോട്ടയിൽ നിന്ന് ചാടിയ മുൻ ഗുസ്തി താരവും കുട്ടിയും മരിച്ചു

> **Lead Summary:** **ഛത്രപതി സംഭാജിനഗർ: **ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനം സഹിക്കാതെ മുൻ ദേശീയതല ഗുസ്തി താരം ജീവനൊടുക്കി. തന്റെ മൂന്ന് മക്കളുമായി മുൻ ദേശീയ ഗുസ്തി താരം അശ്വിനി പോൾ ആണ് നൽഗുർഗ് കോട്ടയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

## Article Content

**ഛത്രപതി സംഭാജിനഗർ: **ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനം സഹിക്കാതെ മുൻ ദേശീയതല ഗുസ്തി താരം ജീവനൊടുക്കി. തന്റെ മൂന്ന് മക്കളുമായി മുൻ ദേശീയ ഗുസ്തി താരം അശ്വിനി പോൾ ആണ് നൽഗുർഗ് കോട്ടയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ അശ്വിനിയും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അശ്വിനിയുടെ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീപീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

അശ്വിനിയുടെ പിതാവും ഉമർഗ താലൂക്കിലെ വ്ഹന്താൽ സ്വദേശിയുമായ തനാജി ശിവാജി മോഹിതെയുടെ (54) പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഒരു ബന്ധുവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ അശ്വിനിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വിവാഹസമയത്ത് വീട്ടുകാർ സ്ത്രീധനമായി ഒന്നും നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രധാനമായും പീഡനങ്ങൾ നടന്നിരുന്നത്. കുട്ടികൾ പിറന്നതിനു ശേഷവും അശ്വിനി ഇത്തരത്തിലുള്ള മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വർണവും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പണവും മാതാപിതാക്കളിൽനിന്ന് വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും കുടുംബാംഗങ്ങളും നിരന്തരം സമ്മർദം ചെലുത്തിയിരുന്നു.

ഈ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് മൂന്ന് മക്കളുമായി അശ്വിനി നൽദുർഗ് കോട്ടയിൽനിന്ന് ചാടിയത്. സംസ്ഥാന, ദേശീയതല ഗുസ്തി മത്സരങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് അശ്വിനി. മറാഠ്‌വാഡ സ്വദേശിയായ ഇവർ അഞ്ച് സ്വർണമെഡലുകളും ആറ് വെള്ളിമെഡലുകളുമാണ് വിവിധ മത്സരങ്ങളിൽ നിന്നായി നേടിയിട്ടുള്ളത്.

മികച്ച ഭാവിയുണ്ടായിരുന്ന മിടുക്കിയായ ഗുസ്തി താരമായിരുന്നു അശ്വിനിയെന്നും നിരവധി മെഡലുകൾ അവർ രാജ്യത്തിനായി നേടിയിട്ടുണ്ടെന്നും മുൻ ഗുസ്തി താരവും പരിശീലകനും അന്താരാഷ്ട്ര റഫറിയുമായ ദിനേഷ് ഗുണ്ട അനുസ്മരിച്ചു.

Former national wrestling champion Ashwini Pole (30) and one of her children died after she jumped from Naldurg Fort with her three children in Maharashtra's Dharashiv district, following alleged harassment by her in-laws over dowry. Police have registered a case against her husband and in-laws based on her father's complaint, while another injured daughter is undergoing treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381211/former-national-wrestling-champion-ashwini-pole-dies-by-suicide)