---
title: "ദേശീയപാതയിൽ പതിയിരുന്ന ദുരന്തം, അർധരാത്രിയിൽ പൊലിഞ്ഞത് എട്ട് വിദ്യാർത്ഥികളുടെ ജീവൻ; അപകടം കാർ ലോറിയിലേക്ക് ഇടിച്ചുകയറി"
english_title: "Kaypamangalam Car Accident: 8 Dindigul Engineering Students Killed in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381158/kaypamangalam-car-accident-8-engineering-students-killed"
published_at: "2026-09-05T06:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b680985aac_kaypamangalam-car-accident-8-engineering-students-killed.jpg"
keywords: ["Kaipamangalam accident", "Thrissur road accident", "Kerala road accident", "eight killed in Thrissur", "National Highway 66 accident"]
---

# ദേശീയപാതയിൽ പതിയിരുന്ന ദുരന്തം, അർധരാത്രിയിൽ പൊലിഞ്ഞത് എട്ട് വിദ്യാർത്ഥികളുടെ ജീവൻ; അപകടം കാർ ലോറിയിലേക്ക് ഇടിച്ചുകയറി

> **Lead Summary:** കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ.

## Article Content

കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ.

വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെ തിരിച്ചറിഞ്ഞു.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42നായിരുന്നു അപകടം.

നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടുനൽകും.

വിദ്യാർത്ഥികളുടെ മുഖം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാരൻ പറഞ്ഞു. ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇടിയുടെ ആഘാതത്തതിൽ വിദ്യാർത്ഥികളിൽ ഒരാൾ കാറിൽനിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണുവെന്ന് മറ്റൊരാൾ പറഞ്ഞു. ദുരന്തകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

**English Summary: **

A car carrying eight students from PSNA Engineering College in Dindigul crashed into the rear of a parked goods lorry at Panambikkunnu Centre in Kaypamangalam, Thrissur, at 11:42 pm on Friday. All eight students died at the spot. The victims included students from Salem, Dindigul and Madurai. The car was completely damaged and had to be cut open to rescue the students. Their bodies were shifted to Thrissur Medical College for post-mortem. Locals alleged that negligence by national highway authorities was responsible for the accident. CCTV footage of the crash has also emerged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381158/kaypamangalam-car-accident-8-engineering-students-killed)