---
title: " 'പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു, സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്‌ലാമിൽ തടസ്സമില്ല'- കാന്തപുരത്തെ തള്ളി പാളയം ഇമാം"
english_title: "Palayam Imam VP Suhaib Maulavi Against Kanthapuram Remark Says Islam Has No Gender Discrimination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381128/palayam-imam-vp-suhaib-maulavi-against-kanthapuram-remark-no-gender-discrimination-in-islam"
published_at: "2026-09-04T17:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ab480acf87_palayam-imam-vp-suhaib-maulavi-against-kanthapuram-remark-no-gender-discrimination-in-islam.jpg"
keywords: ["Palayam Imam VP Suhaib Maulavi", "Kanthapuram AP Aboobacker Musliyar", "Anti  Women Remark"]
---

#  'പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു, സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്‌ലാമിൽ തടസ്സമില്ല'- കാന്തപുരത്തെ തള്ളി പാളയം ഇമാം

> **Lead Summary:** തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി.

## Article Content

തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി.

ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നബിയുടെ കാലത്ത് തന്നെ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രവാചകന്റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചതും യുദ്ധത്തിൽ പങ്കെടുത്തതും അദ്ദേഹം എടുത്തുപറഞ്ഞു. അതുപോലെ ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടം വഹിക്കുന്നതുപോലെയുള്ള പ്രധാനപ്പെട്ട ചുമതലകൾ സ്ത്രീകൾക്ക് ഏൽപിച്ചുകൊടുത്തിരുന്നുവെന്നും ഇമാം വ്യക്തമാക്കി.

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെയും നേതൃനിരയിലേക്ക് വരുന്നതിനെയും യാഥാസ്ഥിതിക വാദികൾ എതിർക്കുന്ന പശ്ചാത്തലത്തിൽ, പാളയം ഇമാമിന്റെ പ്രസ്താവന.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയായ ഐഎസ്എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയും രംഗത്തെത്തി. പ്രസ്താവന കാന്തപുരം തിരുത്തണമെന്ന് ഷുക്കൂര്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ല. കാന്തപുരം വിഭാഗം പുലര്‍ത്തുന്ന സങ്കുചിത നിലപാടുകളുടെ തുടര്‍ച്ചയാണ് പ്രസ്താവന. സംഘടന നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം നടക്കുന്നത്.

ആദ്യ പ്രസംഗത്തിലെ നിലപാട് കാന്തപുരം തിരുത്തിയിട്ടില്ല. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം.

തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരമാണെന്നും ഷുക്കൂര്‍ സ്വലാഹി പറഞ്ഞു. മുസ്‌ലിം ലീഗ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

**English Summary:**

Thiruvananthapuram: Palayam Imam Dr V P Suhaib Maulavi took strong pro-women stand against Kanthapuram A P Aboobacker Musliyar's remarks against women participating in public events and going out of house. He clarified there is no gender discrimination in Islam and religious texts nowhere insist women should not go out. In Friday Jumuah Khutbah quoting Quran verses and Hadiths he clarified stand, reminded that women can go out for their needs and social interactions are not limited as conservatives interpret. He pointed out discussions happened even during Prophet's time and Prophet himself explained women have permission to go out. He cited Prophet's wife Aisha Beevi led struggle like opposition leader in history and participated in war, and during Umar Khalifa's rule important responsibilities like overseeing markets were entrusted to women. In context of conservative arguments opposing women entering public sphere and leadership, Palayam Imam's statement becomes significant.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381128/palayam-imam-vp-suhaib-maulavi-against-kanthapuram-remark-no-gender-discrimination-in-islam)