---
title: "മുൻനിര തകർന്നപ്പോൾ രക്ഷകനായി ...! അക്ഷയ് മനോഹറിന് അർദ്ധസെഞ്ചുറി; കെ.സി.എൽ സെമിയിൽ ട്രിവാൻഡ്രത്തിന് 163 റൺസ്"
english_title: "KCL Semifinal Akshay Manohar Half Century Trivandrum Royals 163 Runs Against Thrissur Titans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381125/kcl-semifinal-akshay-manohar-half-century-trivandrum-royals-163-runs-thrissur-titans"
published_at: "2026-09-04T17:09:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9aae191cf03_kcl-semifinal-akshay-manohar-half-century-trivandrum-royals-163-runs-thrissur-titans.jpg"
keywords: ["Kerala Cricket League", "KCL Semifinal", "Trivandrum Royals vs Thrissur Titans", "Akshay Manohar Half Century", "Greenfield Stadium"]
---

# മുൻനിര തകർന്നപ്പോൾ രക്ഷകനായി ...! അക്ഷയ് മനോഹറിന് അർദ്ധസെഞ്ചുറി; കെ.സി.എൽ സെമിയിൽ ട്രിവാൻഡ്രത്തിന് 163 റൺസ്

> **Lead Summary:** ​തിരുവനന്തപുരം: മുൻനിര തകർന്നപ്പോൾ രക്ഷകനായി അവതരിച്ച അക്ഷയ് മനോഹറിന്റെ ബാറ്റിങ് മികവിൽ, കേരള ക്രിക്കറ്റ് ലീഗ് സെമിഫൈനലിൽ ട്രിവാൻഡ്രം റോയൽസിന് മികച്ച സ്കോർ.

## Article Content

​തിരുവനന്തപുരം: മുൻനിര തകർന്നപ്പോൾ രക്ഷകനായി അവതരിച്ച അക്ഷയ് മനോഹറിന്റെ ബാറ്റിങ് മികവിൽ, കേരള ക്രിക്കറ്റ് ലീഗ് സെമിഫൈനലിൽ ട്രിവാൻഡ്രം റോയൽസിന് മികച്ച സ്കോർ.

ആദ്യ സെമിപോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് ട്രിവാൻഡ്രം പടുത്തുയർത്തിയത്. 26 പന്തിൽ നിന്ന് 53 റൺസെടുത്ത് പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

ഈ സീസണിൽ മികച്ച ഫോമിലായിരുന്ന വിഷ്ണു ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ കൂടാരം കയറിയതോടെ ട്രിവാൻഡ്രം റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ അക്ഷയ് മനോഹറും നിഖിൽ എമ്മും ക്രീസിലൊത്തുചേർന്നതോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ട്രിവാൻഡ്രത്തിന്റെ തിരിച്ചുവരവിന് സാക്ഷിയായി.

ഇരുവരും ചേർന്ന് വെറും 34 പന്തിൽ നിന്നാണ് 70 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ 41 റൺസും അക്ഷയുടെ ബാറ്റിൽ നിന്നായിരുന്നു.

​അബ്ദുൾ എറിഞ്ഞ ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം പന്ത് സിക്സറിന് പറത്തിയാണ് അക്ഷയ് തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. വെറും 25 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി.

മൂന്ന് പടുകൂറ്റൻ സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെട്ട ഈ മിന്നുന്ന ഇന്നിങ്സ് സീസണിലെ അക്ഷയുടെ രണ്ടാമത്തെ അർദ്ധസെഞ്ചുറി കൂടിയാണ്. ​അക്ഷയ്ക്ക് മികച്ച പിന്തുണ നൽകിയ നിഖിൽ എം. 15 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 28 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ മാത്രം നേടിയത് 36 റൺസാണ്. ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത അഭിഷേകും സ്കോർ ബോർഡിലേക്ക് നിർണായക സംഭാവന നൽകി.

തൃശൂർ ടൈറ്റൻസിനായി പന്തെറിഞ്ഞ ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

**English Summary:**

Thiruvananthapuram: Riding on Akshay Manohar's batting brilliance after top-order collapse, Trivandrum Royals posted competitive total in Kerala Cricket League semifinal. In first semifinal against Thrissur Titans, Trivandrum made 163 for 5 wickets. Akshay Manohar remained unbeaten on 53 off 26 balls rescuing team from collapse. Top-order including in-form Vishnu failed, but sixth-wicket partnership of Akshay and Nikhil M added 70 runs off 34 balls, 41 from Akshay, turning game at Kariyavattom Greenfield Stadium. Akshay completed fifty off 25 balls with six off third ball of final over bowled by Abdul, hitting 3 sixes and 4 fours, his second fifty of season. Nikhil M supported with unbeaten 28 off 15 balls with 2 sixes and 2 fours, duo added 36 in last two overs. Abhishek contributed 28 with 1 six and 3 fours. For Thrissur Titans, Anand Joseph and Biju Narayanan took 2 wickets each.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381125/kcl-semifinal-akshay-manohar-half-century-trivandrum-royals-163-runs-thrissur-titans)