---
title: "ഇതെന്താ... കഥ ...! 'സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം'; തകരാറിലായ കെഎസ്ആർടിസി ബസ് മാറിക്കയറിയ സ്ത്രീകളെ അധിക്ഷേപിച്ച് സ്വകാര്യബസ് ജീവനക്കാർ"
english_title: "Kanathur Private Bus Staff Accused of Gender Discrimination Against Women Passengers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381062/kanathur-private-bus-staff-accused-of-gender-discrimination-against-women"
published_at: "2026-09-04T10:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a4c691f38d_kanathur-private-bus-staff-accused-of-gender-discrimination-against-women.jpg"
keywords: ["Kanathur", "Private Bus", "KSRTC", "Gender Discrimination", "RTO Complaint"]
---

# ഇതെന്താ... കഥ ...! 'സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം'; തകരാറിലായ കെഎസ്ആർടിസി ബസ് മാറിക്കയറിയ സ്ത്രീകളെ അധിക്ഷേപിച്ച് സ്വകാര്യബസ് ജീവനക്കാർ

> **Lead Summary:** **കാസർകോട് : ** കാനത്തൂരിൽ കെഎസ്ആർടിസി ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് യാത്രക്കാർ അധികൃതരെ സമീപിച്ചത്. വൈകുന്നേരം 5.30-ഓടെ കാനത്തൂർ ബസ്സ്റ്റോപ്പ് പരിസരത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

## Article Content

**കാസർകോട് : ** കാനത്തൂരിൽ കെഎസ്ആർടിസി ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് യാത്രക്കാർ അധികൃതരെ സമീപിച്ചത്. വൈകുന്നേരം 5.30-ഓടെ കാനത്തൂർ ബസ്സ്റ്റോപ്പ് പരിസരത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

എൺപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് തകരാറിലായതോടെ സ്‌കൂൾ വിദ്യാർഥികളും നിരവധി ദീർഘദൂര സ്ത്രീയാത്രക്കാരും വഴിയിൽ കുടുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതെന്ന് യാത്രക്കാർ ആരോപിക്കുന്നു.

‘സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം’ എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് സ്ത്രീകളെ ബസിൽ കയറ്റാൻ ക്ലീനറും മറ്റ് ജീവനക്കാരും കൂട്ടാക്കിയില്ലെന്നാണ് ഉയർന്ന പരാതി. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഉള്ളതിലുള്ള വൈരാഗ്യമാണ് ജീവനക്കാർ തീർത്തതെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്.

കൂടാതെ, കാനത്തൂർ ബസ്സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ സുരക്ഷിതമായി കയറ്റാനോ ഇറക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് മാറ്റി അപകടകരമായ രീതിയിൽ വേഗം കുറയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഓടിപ്പിടിച്ചാണ് ഒന്നോ രണ്ടോ സ്ത്രീകൾ ബസിൽ കയറിയതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

പൊതുഗതാഗത സംവിധാനത്തിൽ പരസ്യമായി ലിംഗവിവേചനം കാണിക്കുകയും യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്ത ബസ് ജീവനക്കാർക്കും പെർമിറ്റ് ലംഘനം നടത്തിയ ബസ് ഉടമയ്ക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരൻ ആർടിഒയ്ക്ക് പരാതി നൽകി.

**English Summary:**

A complaint has been lodged with the Motor Vehicles Department against the staff of a private bus operating on the Kasaragod-Erinjipuzha-Kuttikkol route for allegedly discriminating against women passengers. The incident occurred near Kanathur bus stop when a KSRTC bus carrying around 80 passengers, including students and long-distance commuters, broke down. Passengers alleged that the private bus staff refused to board women, explicitly stating to take only male passengers. A complaint was submitted to the RTO seeking strict action under Motor Vehicle rules against the bus staff and owner for permit violations and endangering passenger safety.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381062/kanathur-private-bus-staff-accused-of-gender-discrimination-against-women)