---
title: "'മുഖ്യമന്ത്രി മാപ്പ് പറയണം, പ്രസ്താവന പിൻവലിക്കണം'; മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തിൽ കേരള മുസ്‌ലിം ജമാഅത്ത്"
english_title: "Kerala Muslim Jamaat Demands Apology From CM V D Satheesan AP Samastha Response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380873/kerala-muslim-jamaat-demands-apology-from-cm-v-d-satheesan-ap-samastha"
published_at: "2026-09-02T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98052d59a3b_kerala-muslim-jamaat-demands-apology-from-cm-v-d-satheesan-ap-samastha.jpg"
keywords: ["Kerala Muslim Jamaat", "AP Aboobacker Musliyar", "AP Samastha", "V D Satheesan"]
---

# 'മുഖ്യമന്ത്രി മാപ്പ് പറയണം, പ്രസ്താവന പിൻവലിക്കണം'; മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തിൽ കേരള മുസ്‌ലിം ജമാഅത്ത്

> **Lead Summary:** **മലപ്പുറം: **കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരായ വിമർശനത്തിനിടെ മുഖ്യമന്ത്രി നടത്തിയ ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി എ.പി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

## Article Content

**മലപ്പുറം: **കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരായ വിമർശനത്തിനിടെ മുഖ്യമന്ത്രി നടത്തിയ ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി എ.പി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച്, സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് കുറ്റപ്പെടുത്തി. വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ചു മനസ്സിലാക്കാൻ വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനി തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും, 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിൽ പറയുന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് സർക്കാരിനോ പാർട്ടിയിലുള്ളവർക്കോ യോജിക്കാൻ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രവാചകന്റെ ആദ്യഭാര്യ ബിസിനസുകാരിയായിരുന്നുവെന്നും, ആയിഷ ബീവി യുദ്ധത്തിൽ സർവ്വസൈന്യാധിപയായി പങ്കെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.

**English Summary:**

Kerala Muslim Jamaat, the mass organization of AP Samastha, has demanded that the Chief Minister withdraw his remarks against Islam and tender an apology to the Muslim community. The Malappuram district committee criticized the CM for misinterpreting Islamic history while responding to AP Aboobacker Musliyar's controversial statements regarding women's roles. The CM had previously stated that women are not meant to stay indoors and cited historical figures like Khadija and Ayesha to counter Kaanthapuram's views.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380873/kerala-muslim-jamaat-demands-apology-from-cm-v-d-satheesan-ap-samastha)