---
title: " വടകര മാടാക്കര പള്ളിയിലെ സംഘർഷം; മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്, പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തി"
english_title: "Vadakara Madakkara Mosque Clash Waqf Board Suspends Mahal Committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380829/vadakara-madakkara-mosque-clash-waqf-board-suspends-committee"
published_at: "2026-09-02T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d6209a3b22_vadakara-madakkara-mosque-clash-khatib-issue-police-lathi-charge.jpg"
keywords: ["Madakkara Mosque Clash", "Mosque Committee Dispute", "Vadakara News", "Waqf Board", "Suspends Mahal Committee"]
---

#  വടകര മാടാക്കര പള്ളിയിലെ സംഘർഷം; മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്, പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തി

> **Lead Summary:** കോഴിക്കോട്: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിർകക്ഷികളും നേരിട്ട് ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോർഡ് അറിയിച്ചു.

## Article Content

കോഴിക്കോട്: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിർകക്ഷികളും നേരിട്ട് ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോർഡ് അറിയിച്ചു.

തലശ്ശേരി കോടതിയിലെ അഭിഭാഷകൻ അബൂബക്കർ സിദ്ദീഖിനാണ് ചുമതല. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറിയതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.

അബ്ദുറഹ്‌മാന്‍ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബായിരുന്നത്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് കുടുംബം വിഷയത്തില്‍ ഇടപെടുകയും കഴിഞ്ഞ റമദാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്‍കിക്കൊണ്ട് ഒരു താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു.

എന്നാല്‍, അതിനുശേഷവും അബ്ദുറഹ്‌മാന്‍ ഫൈസി തന്നെ ഖത്തീബായി തുടര്‍ന്നതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നബിദിനത്തോടനുബന്ധിച്ച് പള്ളിയില്‍ മൗലിദ് പാരായണം നടന്നിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് നിലവിലെ ഖത്തീബ് ആയിരുന്നു.

ഇദ്ദേഹത്തിന് ഇതിന് അനുമതിയില്ലെന്നും പള്ളിയില്‍ നിന്ന് മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

അതേസമയം, പള്ളിയിലെ സംഭവങ്ങളുടെ പേരിൽ ചോമ്പാല സ്റ്റേഷനിലെ എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി.

കോഴിക്കോട് റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേസിലേക്കാണ് എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയത്. പയ്യോളി എസ് എച്ച് ഒ ജയ്‌മോൻ പി ജെയെ ചോമ്പാല എസ് എച്ച് ഒ ആയി നിയമിക്കുകയും ചെയ്തു.

**English Summary:**

Kozhikode: Waqf Board suspended the Mahal committee following clash at Vadakara Madakkara mosque. Both factions to appear directly on 8th of this month, till then administration entrusted to Muthavalli Advocate Aboobacker Siddique from Thalassery court. Clash erupted over changing Khateeb Abdurahman Faizi Ponmala, police lathi-charged to control. Panakkad family had earlier mediated temporary solution for Ramadan Jumua. Meanwhile five policemen including Chombala SI Shameel transferred to Kozhikode Rural HQ, Payyoli SHO Jaimon PJ appointed as Chombala SHO.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380829/vadakara-madakkara-mosque-clash-waqf-board-suspends-committee)