---
title: "ഇന്ന് ലോക നാളികേര ദിനം; മുൻപ് തേങ്ങയക്ക് ലഭിച്ചതിനെക്കാൾ വില ഇപ്പോൾ ചിരട്ടയക്ക്, ചിരട്ട സംസ്കരിച്ച് നേടിയത് 4688 കോടി രൂപ"
english_title: "Today is World Coconut Day; coconut shell processing has generated ₹4,688 crore—an amount exceeding the earnings previously derived from the coconut itself."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380801/coconut-shell-activated-carbon-export-record-4688-crore-coconut-day"
published_at: "2026-09-02T11:13:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97bbafd1656_coconut-shell-activated-carbon-export-record-4688-crore-coconut-day.jpg"
keywords: ["Coconut Day", "Coconut Export", "Activated Carbon", "Kerala Coconut Farmers", "Coconut Development Board"]
---

# ഇന്ന് ലോക നാളികേര ദിനം; മുൻപ് തേങ്ങയക്ക് ലഭിച്ചതിനെക്കാൾ വില ഇപ്പോൾ ചിരട്ടയക്ക്, ചിരട്ട സംസ്കരിച്ച് നേടിയത് 4688 കോടി രൂപ

> **Lead Summary:** കോഴിക്കോട് : നാളീകേര കർഷകരുടെ ദുരിത കാലം തീരുന്നു. ഇന്ന് ലോക നാളികേരദിനത്തിൽ പ്രതീക്ഷയുടെ പുതുപാത തെളിഞ്ഞു. തേങ്ങ ചിരട്ട ഇന്ന് പഴയ ചിരട്ടയല്ല, മുൻപ് തേങ്ങയക്ക് ലഭിച്ചതിനെക്കാൾ വില ഇപ്പോൾ ചിരട്ടയക്ക് ലഭിക്കുന്നു.

## Article Content

കോഴിക്കോട് : നാളീകേര കർഷകരുടെ ദുരിത കാലം തീരുന്നു. ഇന്ന് ലോക നാളികേരദിനത്തിൽ പ്രതീക്ഷയുടെ പുതുപാത തെളിഞ്ഞു. തേങ്ങ ചിരട്ട ഇന്ന് പഴയ ചിരട്ടയല്ല, മുൻപ് തേങ്ങയക്ക് ലഭിച്ചതിനെക്കാൾ വില ഇപ്പോൾ ചിരട്ടയക്ക് ലഭിക്കുന്നു.

ചിരട്ട സംസ്കരിച്ച് നേടിയത് 4688 കോടി രൂപ. നാളികേരോത്പന്ന കയറ്റുമതിയിൽ ഇത് കേരളത്തിന്റെ സർവകാല റെക്കോഡ്. ചിരട്ട സംസ്കരിച്ച് ഉത്തേജിതകരിയാക്കി 2025-26ൽ ഇന്ത്യ നേടിയത് 4688 കോടി രൂപ.

1.79 ലക്ഷം ടൺ ഉത്തേജിതകരിയാണ് കയറ്റിയയച്ചത്. രാജ്യത്തിന്റെ മൊത്തം നാളികേര കയറ്റുമതിമൂല്യത്തിന്റെ 66 ശതമാനവും ചിരട്ടയിൽ നിന്നു തന്നെ.

2024-25ൽ 1.76 ലക്ഷം ടൺ കരിയാണ് കയറ്റുമതിചെയ്തത്. 2799 കോടി രൂപയാണ് ഇതിനു ലഭിച്ചത്. ഈ വർഷം 3000 ടൺ മാത്രമേ അധികമായി കയറ്റിയയച്ചുള്ളൂവെങ്കിലും വിലയിലുണ്ടായ വർധനയാണ് മൂല്യം കുതിക്കാനിടയാക്കിയത്.

2025-ൽ അമേരിക്കയുടെ ഉത്തേജിത കരി ഇറക്കുമതി 10 ശതമാനം മാത്രം കൂടിയപ്പോൾ വിലയിലുണ്ടായ കുതിപ്പ് 38 ശതമാനമാണ്. 2025-ന്റെ പകുതിയാകുമ്പോഴേക്കും ഇന്ത്യയിലും ഇൻഡൊനീഷ്യയിലും ഉത്തേജിതകരി വില ടണ്ണിന് 900 മുതൽ ആയിരം ഡോളർവരെ കൂടിയതായി ഇന്റർനാഷണൽ കോക്കനട്ട് കമ്യൂണിറ്റിയുടെ വിപണി അവലോകന വിഭാഗം വിലയിരുത്തുന്നു. ഇതാണ് കയറ്റുമതിയിൽ ഇന്ത്യയെ തുണച്ചത്.

ആഗോളതലത്തിൽ ജലം, വായു ശുദ്ധീകരണ പ്രക്രിയയുടെ പ്രധാനഘടകമാണ് ഉത്തേജിതകരി. ലോകത്ത് ഏറ്റവും കൂടുതൽ ചിരട്ടക്കരി അധിഷ്ഠിത ഉത്തേജിതകരി കയറ്റിയയക്കുന്നത് ഇന്ത്യയാണ്. സാധാരണ ചിരട്ടക്കരി കയറ്റുമതിയിലൂടെയും 102 കോടി രൂപ കിട്ടി. 234 ടൺ ചിരട്ടയും കയറ്റിയയച്ചു. മൂല്യം 2.91 കോടി രൂപ.

2025-26 വർഷം 7038.34 കോടി രൂപയുടെ നാളികേരോത്‌പന്നങ്ങൾ കയറ്റിയയച്ചു. മുൻവർഷത്തേക്കാൾ 2689 കോടി രൂപയുടെ അധികനേട്ടം. മുൻപത്തെ ഉയർന്ന കയറ്റുമതിമൂല്യം 2024-25ലെ 4349 കോടി രൂപയായിരുന്നു.

പത്തുവർഷത്തിനിടെ നാളികേര ഉത്‌പന്ന കയറ്റുമതിമൂല്യത്തിൽ അഞ്ചിരട്ടി വർധനയാണുണ്ടായത്. 2015-16 വർഷം 1385 കോടി രൂപയുടെ ഉത്‌പന്നമാണ് കയറ്റിയയച്ചത്.

**മറ്റ് പ്രധാന ഉത്‌പന്നങ്ങളുടെ കയറ്റുമതി (2025-26)**

ഇനം, അളവ് (ടൺ), മൂല്യം (കോടിയിൽ)

*പച്ചത്തേങ്ങ - 54,102 - 376*

*കൊപ്ര - 16,468 - 374*

*വെളിച്ചെണ്ണ (ക്രൂഡ്) - 2650 - 96*

*വെളിച്ചെണ്ണ (റിഫൈൻഡ്) - 16,605 - 661*

*ഡെസിക്കേറ്റഡ് കോക്കനട്ട് – 7210 – 199*

(അവലംബം, നാളികേര വികസനബോർഡ്)

**English Summary:**

On World Coconut Day, coconut shell fetches more price than coconut itself. India earned Rs 4688 crore in 2025-26 by processing coconut shell into activated carbon and exporting 1.79 lakh tonnes, accounting for 66% of total coconut export value. This is Kerala's all-time record. Total coconut product export touched Rs 7038.34 crore, up by Rs 2689 crore from previous year's Rs 4349 crore. Five-fold growth in 10 years from Rs 1385 crore in 2015-16. Price surge of 38% despite only 10% increase in US import helped India. Source: Coconut Development Board.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380801/coconut-shell-activated-carbon-export-record-4688-crore-coconut-day)