---
title: "'നൂറ് ദിവസമല്ലേ ആയുള്ളൂ, വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ ഇളക്കിവിടുകയാണ്'; എസ്എഫ്ഐ സമരം അനാവശ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala Hits Out At SFI Protest Water Cannon Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380793/ramesh-chennithala-criticizes-sfi-protest-water-cannon-controversy"
published_at: "2026-09-02T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97b111a64ec_ramesh-chennithala-criticizes-sfi-protest-water-cannon-controversy.jpg"
keywords: ["Ramesh Chennithala", "SFI Protest", "Kerala Police", "Argentina Team Scam", "Kerala Politics"]
---

# 'നൂറ് ദിവസമല്ലേ ആയുള്ളൂ, വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ ഇളക്കിവിടുകയാണ്'; എസ്എഫ്ഐ സമരം അനാവശ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: ** എസ്.എഫ്.ഐ നടത്തുന്ന സമരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: ** എസ്.എഫ്.ഐ നടത്തുന്ന സമരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂവെന്നും ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടതെന്നും, വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ ഇളക്കിവിടുകയാണെന്നും ആരോപിച്ച അദ്ദേഹം അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.

പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ മലിനജലം ഉപയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണം ആഭ്യന്തര മന്ത്രി പൂർണ്ണമായും തള്ളി. ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചു എന്നത് വെറും വ്യാജ പ്രചാരണമാണെന്നും പോലീസിനെ വെറുതെ കുറ്റം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന് നേരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന നിയമപരമായ നടപടികൾ മാത്രമാണ് അവിടെ നടന്നത്. ജലപീരങ്കി പ്രയോഗിക്കുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ 10 വർഷമായി ഇതിനായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ഇന്ന് പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കേസിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary:**

Home Minister Ramesh Chennithala strongly criticized the SFI protest, asking the CPM leadership not to use students to cover up internal party issues. He stated that the government had completed only 100 days and urged the opposition to show patience. Chennithala rejected allegations of police using contaminated water in water cannons during the protest, calling it false propaganda. He also announced that a Special Investigation Team (SIT) would be formed today to probe the scam related to bringing the Argentina football team to Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380793/ramesh-chennithala-criticizes-sfi-protest-water-cannon-controversy)