---
title: "യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന്; പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി"
english_title: "Nadapuram Custodial Torture Case Against Former CI After 15 Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380729/nadapuram-custodial-torture-case-against-former-ci-after-15-years"
published_at: "2026-09-01T18:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96c5bddefdd_nadapuram-custodial-torture-case-against-former-ci-after-15-years.jpg"
keywords: ["Nadapuram Custody Torture", "Kozhikode News", "Police Custody Case", "Kerala High Court"]
---

# യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന്; പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി

> **Lead Summary:** കോഴിക്കോട് : കല്ലാച്ചി സ്വദേശിയായ യുവാവിനെ രണ്ട് ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി.

## Article Content

കോഴിക്കോട് : കല്ലാച്ചി സ്വദേശിയായ യുവാവിനെ രണ്ട് ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി.

കല്ലാച്ചി പയന്തോങ്ങിലെ വലിയപറമ്പത്ത് രാഗേഷ് (39) നൽകിയ പരാതിയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം നാദാപുരം മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.

2011ൽ നാദാപുരം സിഐ ആയിരുന്ന ഉദയഭാനുവിനെതിരെയാണ് കേസെടുത്ത് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകി ഉത്തരവിട്ടത്.

2011 ഫെബ്രുവരി 27നാണ് കല്ലാച്ചിയിൽ നിന്ന് വില്യാപ്പള്ളിയിലേക്ക് മോട്ടോർ ബൈക്കിൽ പോവുകയായിരുന്ന രാഗേഷിനെ നാദാപുരത്ത് വെച്ച് പൊലീസ് ജീപ്പിലെത്തിയ സിഐ ഉദയഭാനു പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വീടിന് ബോംബെറിഞ്ഞ കേസിൽ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് രണ്ട് ദിവസം ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം കേസിൽ പ്രതി ചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നായിരുന്നു രാഗേഷിന്റെ പരാതി.

അടുത്ത ദിവസം തന്നെ നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയെങ്കിലും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാൻ ആവശ്യപ്പെട്ട് പരാതി തള്ളുകയായിരുന്നു .

ഇതേത്തുടർന്നാണ് രാഗേഷ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്കപ്പ് മർദ്ദന പരാതി സ്വീകരിക്കാതിരുന്ന മജിസ്ട്രേറ്റ് കോടതിയെ വിമർശിച്ച ഹൈക്കോടതി നാദാപുരം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്തു കൊണ്ട് കേസ് വീണ്ടും പരിഗണിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ആയതിനെ തുടർന്നു കേസ് വീണ്ടും വാദത്തിനു എടുക്കുകയും സി ഐ ക്ക് എതിരെ പ്രഥമ ദൃഷ്ട്യ കേസ് എടുക്കാൻ കഴിയും എന്ന് കോടതി കണ്ടെത്തുകയുമായിരുന്നു.

2026 നവംബർ മൂന്നിന് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഉദയഭാനുവിന് നാദാപുരം മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിട്ടുണ്ട്. ഉദയഭാനു ഇപ്പോൾ സെർവിസിൽ ഇല്ല.

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചതായി രാഗേഷ് പറഞ്ഞു. അഡ്വക്കേറ്റ് എം. സിജുവാണ് രാഗേഷിന് വേണ്ടി തുടക്കം മുതൽ കേസിനു ഹാജരായത്.

**English Summary:**

After 15 years, court takes case against former CI in custodial torture complaint in Nadapuram. On complaint by Valiyaparambath Ragesh (39) from Kallachi Payanthong, Nadapuram Magistrate Court took case as per High Court direction. Case against Udayabhanu who was Nadapuram CI in 2011. On Feb 27, 2011, Ragesh was taken from Nadapuram while going from Kallachi to Villyappally on bike, tortured for two days in custody to confess to house bombing case. Though complaint filed next day in Magistrate court, it was dismissed asking to approach Police Complaint Authority. High Court criticized lower court and ordered reconsideration. Court found prima facie case. Summons issued to appear on November 3, 2026. Advocate M Siju appeared for Ragesh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380729/nadapuram-custodial-torture-case-against-former-ci-after-15-years)