---
title: "തെലങ്കാന മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി, തൂഫാന്റെ കാപട്യം പുറത്തായപ്പോൾ ഇല്ലാക്കഥകൾ മറയാക്കി ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നു - പിണറായി വിജയൻ"
english_title: "Pinarayi Vijayan Criticizes Operation Toofan Home Department Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380719/pinarayi-vijayan-operation-toofan-criticism-ramesh-chennithala"
published_at: "2026-09-01T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96b8245ce3d_pinarayi-vijayan-operation-toofan-criticism-ramesh-chennithala.jpg"
keywords: ["Pinarayi Vijayan", "Operation Toofan", "Ramesh Chennithala", "Drug Seizure Kerala"]
---

# തെലങ്കാന മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി, തൂഫാന്റെ കാപട്യം പുറത്തായപ്പോൾ ഇല്ലാക്കഥകൾ മറയാക്കി ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നു - പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ കാപട്യം പുറത്തായപ്പോൾ മുൻ സർക്കാരിനെതിരെ ഇല്ലാക്കഥകൾ ആരോപിച്ച് ആഭ്യന്തരവകുപ്പും മന്ത്രി രമേശ് ചെന്നിത്തലയും ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം എതിർത്തിട്ടില്ല.

## Article Content

തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ കാപട്യം പുറത്തായപ്പോൾ മുൻ സർക്കാരിനെതിരെ ഇല്ലാക്കഥകൾ ആരോപിച്ച് ആഭ്യന്തരവകുപ്പും മന്ത്രി രമേശ് ചെന്നിത്തലയും ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം എതിർത്തിട്ടില്ല.

പൂർണ്ണ പിന്തുണ നൽകി. എന്നാൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ പ്രതിയായ അന്താരാഷ്ട്ര എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ഉന്നതതല ശ്രമങ്ങളെ ചോദ്യം ചെയ്തതിന് പിന്നാലെ ​കാസർകോട് കേസിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ നിർത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തി വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കാനോ ബംഗളൂരുവിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തൂഫാന്റെ കാപട്യം പുറത്തായപ്പോൾ, 10 വർഷം എൽഡിഎഫ് ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ ആരോപണം. ഇതിന് മുൻ സർക്കാർ നടത്തിയ ലഹരിവേട്ടയുടെ വിവരങ്ങളും പിണറായി വിജയൻ വിശദീകരിച്ചു.

2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയെത്തിയ കേരള പൊലീസ്, ഹൈദരാബാദ് കുക്കട്പള്ളിയിൽ സിനിമാ നിർമ്മാതാവ് നടത്തിവന്ന അന്താരാഷ്ട്ര ലഹരിനിർമ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തു.

സംസ്ഥാനം ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയത്. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ രേവന്ത്‌ റെഡ്‌ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ ആഭ്യന്തര മന്ത്രിക്ക് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസിലാക്കാൻ സാധിക്കുമായിരുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്ന് പാർലമെന്റിലെ കേന്ദ്രസർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നതാണ്. 2025 ഫെബ്രുവരി 3 ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി പ്രകാരം, 2022 മുതൽ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടിയെടുക്കുന്നത് കേരളമാണ്. ലഹരിക്കേസുകളിൽ രണ്ടാമതുള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അറസ്റ്റുകളാണ് കേരളത്തിൽ നടന്നത്.

മയക്കുമരുന്ന് ഉപയോഗത്തിൽ വളരെ പിന്നിലാണെങ്കിലും, ലഹരിവ്യാപനം തടയുന്നതിൽ കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2022 ഡിസംബർ 22 ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം, കേരളത്തിൽ എൻഡിപിഎസ് കേസുകളിലെ ശിക്ഷാ നിരക്ക് 98 ശതമാനത്തിലേറെയായിരുന്നു.

ദേശീയ ശരാശരി 78 ശതമാനമായപ്പോഴാണ് കേരളം അന്ന് ഈ നേട്ടം കൈവരിച്ചത്. തെലങ്കാനയിൽ ഇത് 25 ശതമാനം മാത്രമായിരുന്നു. 2021 മുതൽ 2025 വരെ കേരള പൊലീസ് മാത്രം 1,26,855 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു.

കണിശമായ നിരീക്ഷണവും 'ഓപ്പറേഷൻ ഡി-ഹണ്ട്' പോലുള്ള ശക്തമായ ഇടപെടലുകളുമാണ് കേസ് രജിസ്ട്രേഷനിൽ 538% വർധനവുണ്ടാക്കിയത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എക്സൈസ് വകുപ്പ് 41,946 എൻഡിപിഎസ് കേസുകളും 4,18,403 COTPA കേസുകളും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വകുപ്പ് മന്ത്രി എം ലിജു 2026 ജൂൺ 23 ന് യുആർ പ്രദീപ്‌ എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടി.

17,587.4335 കിലോ ഗ്രാം കഞ്ചാവ്, 33,419.996 ഗ്രാം എംഡിഎംഎ, 65,943.8254 ഗ്രാം ഹാഷിഷ്, 1,60,597.093 കിലോ ഗ്രാം COTPA ഉല്പന്നങ്ങൾ എന്നിവ അഞ്ചു വർഷം കൊണ്ട് എക്സൈസ് പിടിച്ചെടുത്തതിന്റെ കണക്കും മന്ത്രി ഇതേ ചോദ്യത്തിന് മറുപടിയായി നൽകിയിട്ടുണ്ട്.

2023 ൽ ആൻഡമാൻ നിക്കോബാറിൽ നിന്ന് കേരള എക്സൈസ് വകുപ്പ് 80 കിലോ എംഡിഎംഎ പിടികൂടിയതും 2018 ലെ കൊച്ചിയിലെ 5 കിലോ എംഡിഎംഎ വേട്ടയും 2022-2025 കാലത്തെ ഓപ്പറേഷൻ ഡി-ഹണ്ട് ഉൾപ്പെടെയുള്ള എക്സൈസിന്റെ വൻ ലഹരിപിടിത്തങ്ങളും എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വ്യക്തമാക്കുന്നത്. ഈ മാതൃകാപരമായ നേട്ടങ്ങളെയാണ് നിലവിലെ ആഭ്യന്തര മന്ത്രി വിലകുറഞ്ഞ രീതിയിൽ വിമർശിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

**English Summary:**

Opposition leader Pinarayi Vijayan said Home Department and Minister Ramesh Chennithala are fleeing after hypocrisy of Operation Toofan exposed, alleging false stories against previous government. He said opposition never opposed drug hunt but questioned attempts to sabotage international MDMA case involving CM's social media coordinator and halting scientific evidence collection in Kasaragod case. He cited LDF government's anti-drug achievements including 2.4 kg MDMA seizure in Thrissur leading to busting international lab in Hyderabad Kukatpally, and central government records showing Kerala took strongest action against drugs since 2022 with 98% conviction rate in NDPS cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380719/pinarayi-vijayan-operation-toofan-criticism-ramesh-chennithala)