---
title: "പുതുവൈപ്പിനെ നടുക്കി ക്രൂരത....! ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യം; അഭിഭാഷകന്റെ വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു"
english_title: " Lawyer Father Dies After Attack Over Domestic Violence Case In Kochi Puthuvype"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380678/kochi-lawyer-house-attack-father-dies-domestic-violence-case-vengeance"
published_at: "2026-09-01T12:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a967dfe3dc0b_kochi-lawyer-house-attack-father-dies-domestic-violence-case-vengeance.jpg"
keywords: ["Lawyer Attack Case", "Mohandas Death", "Ernakulam Crime News", "Kerala Crime"]
---

# പുതുവൈപ്പിനെ നടുക്കി ക്രൂരത....! ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യം; അഭിഭാഷകന്റെ വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

> **Lead Summary:** കൊച്ചി: ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസ് ആണ് മരിച്ചത്.

## Article Content

കൊച്ചി: ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസ് ആണ് മരിച്ചത്.

ഓഗസ്റ്റ് 13 നായിരുന്നു ആക്രമണം. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഇവർക്കെതിരെ ഞാറയ്ക്കൽ പൊലീസ് കൊലക്കുറ്റം കൂടി ചുമത്തും.

അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പ്രദേശവാസികൾ തന്നെയായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് അക്രമികൾ എത്തിയത് എന്നാണ് എഫ്ഐആറിൽ പറയുന്നത്.

സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയം വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് ‘നിന്റെ മകൻ എവിടെടാ?’ എന്ന് ചോദിച്ച് മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് തട്ടിക്കയറിയ പ്രതികൾ അദ്ദേഹത്തെ ബലമായി പുറത്തേക്കു വലിച്ചിഴച്ചിട്ടു. തുടർന്ന് വേലു ആദ്യം മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു.

പിന്നാലെ വാവക്കുട്ടി കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റിൽ ആഴത്തിൽ കുത്തുകയായിരുന്നു. രക്തം വാർന്നു കിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിഡ്നിക്കും പാൻക്രിയാസിനുമാണ് കുത്തേറ്റത് എന്നതിനാൽ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നു. തുടർന്ന് ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് അന്നു തന്നെ പിടികൂടിയിരുന്നു. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

തങ്ങളുടെയും സഹോദരിയുടേയും 4, 8, 12 വയസുള്ള കുട്ടികളുടെ മുമ്പിൽ വച്ചായിരുന്നു അക്രമമെന്ന് അഡ്വ. ഡോൾഗോ പറഞ്ഞിരുന്നു. പ്രതികളിലൊരാളുടെ ഭാര്യ നിയമസഹായം ചോദിച്ച് ഓഫിസിൽ എത്തിയപ്പോൾ അതു നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെ കൂടി തീർക്കുമെന്നു പ്രതികൾ വധഭീഷണി മുഴക്കിയിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. വീടുകയറിയുണ്ടായ ആക്രമണത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു.

**English Summary:**

Mohandas, 80, from Puthuvype Murikkumpadam, died after being attacked at his son advocate Dolgo's house on August 13. The attack was allegedly in revenge for taking a domestic violence case against first accused. Accused Velu alias Duster and Vavakkutty alias Dynaster, local residents, are in remand. Njarackal police will add murder charge. FIR says accused tried to slit throat and stabbed abdomen injuring kidney and pancreas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380678/kochi-lawyer-house-attack-father-dies-domestic-violence-case-vengeance)