---
title: "യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി"
english_title: "Bodies Of Malayali Women Killed In California To Reach Kerala By Weekend Suresh Gopi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380667/california-malayali-women-murder-bodies-to-reach-kerala-suresh-gopi"
published_at: "2026-09-01T11:49:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94f0fb4e12b_california-milpitas-malayali-women-murder-friend-arrested.jpg"
keywords: ["Malayali Killed", "US Malayali Crime", "Anjana Mannuthy", "Anu Chingavanam", "California New"]
---

# യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി

> **Lead Summary:** ന്യൂയോർക്ക്: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഈയാഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

## Article Content

ന്യൂയോർക്ക്: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഈയാഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൊല്ലപ്പെട്ട യുവതികളിൽ ഒരാളുടെ പോസ്റ്റ്മോർട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്. രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും.

മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വെള്ളിയാഴ്ചയോടെ എംബസിയിലെ പേപ്പർ നടപടികൾ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടത്. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മരണവിവരം പുറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അഞ്ജന ഹരിയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ആൻ മേരി മാത്യുവിനെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്.

യുവതികൾക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

ഉറ്റസുഹൃത്തുക്കളെ അനില എന്തിന് കൊലപ്പെടുത്തി എന്നത് സംബന്ധിച്ച് ഇപ്പോഴും വിവരമില്ല. കൊലയ്ക്ക് തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നുവെന്നും സന്തോഷവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പുവരെ യുവതികള്‍ ഒരേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആന്‍ പത്ത് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്തേക്ക് താമസം മാറി. അനിലയും അഞ്ജനയും ഒരേ അപ്പാർട്ട്മെൻ്റിൽ താമസം തുടര്‍ന്നു.

ആനിന്റെ അപ്പാര്‍മെന്റില്‍ എത്തിയായിരുന്നു അനില അരുംകൊല നടത്തിയത്. ഭര്‍ത്താവായിരുന്നു അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനിനെ കൊലപ്പെടുത്തിയ ശേഷം അനില താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തി. തുടര്‍ന്ന് അഞ്ജനയെ താഴേയ്ക്ക് വിളിച്ചുവരുത്തി വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

**English Summary:**

Union Minister Suresh Gopi said bodies of two Malayali women killed in California may reach Kerala by this weekend. One post-mortem is completed, second will be on Thursday, embassy paperwork by Friday. Victims are Anjana Hari from Thrissur Mudikode and Ann Mary Mathew from Thiruvananthapuram Kesavadasapuram. Police allege Anjana was called to parking area and hit by car, while Ann Mary was found stabbed in flat. Co-resident Anila Baby from Erattupetta is in police custody. Investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380667/california-malayali-women-murder-bodies-to-reach-kerala-suresh-gopi)