---
title: "ഈണങ്ങളുടെ സുൽത്താൻ ഇനി ഓർമ്മ; സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു"
english_title: "Kozhikode Aboobacker Dies at 80, Remembered as a Celebrated Mappila Song Composer and Tabla Artist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380616/kozhikode-aboobacker-music-composer-tabla-artist-dies"
published_at: "2026-09-01T06:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96274f09a8d_kozhikode-aboobacker-music-composer-tabla-artist-dies.jpg"
keywords: ["Kozhikode Aboobacker", "Mappila Songs", "Music Composer", "Tabla Artist", "Malayalam Music"]
---

# ഈണങ്ങളുടെ സുൽത്താൻ ഇനി ഓർമ്മ; സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

> **Lead Summary:** കരയാനും പറയാനും ഒട്ടേറെ ഓർമ്മകൾ പങ്കു വെച്ച് ഈണങ്ങളുടെ സുൽത്താൻ വിടവാങ്ങി.മാപ്പിളപ്പാട്ട് ശാഖയിലെ അനുഗൃഹീത കലാകാരനും, സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു.

## Article Content

കരയാനും പറയാനും ഒട്ടേറെ ഓർമ്മകൾ പങ്കു വെച്ച് ഈണങ്ങളുടെ സുൽത്താൻ വിടവാങ്ങി.മാപ്പിളപ്പാട്ട് ശാഖയിലെ അനുഗൃഹീത കലാകാരനും, സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു.

അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അന്ത്യം. ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന.

മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച 12-നുശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ.

സ്‌ട്രോക് ബാധിച്ച്‌ രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. കിടപ്പിലാകുന്നതിന്‌ രണ്ടുദിവസംമുൻപും തന്റെ വീടിന്റെ ഉമ്മറത്തിരുന്ന്‌ പുതിയ പാട്ടിനു അബൂബക്കർ ഈണമിട്ടിരുന്നു.

അവസാനനാളുകളിൽ കുടുബവും പ്രിയശിഷ്യരും മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്. വലിയങ്ങാടിയിലെ ഇരുമ്പുകച്ചവടക്കാരനായ ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകൻ അബൂബക്കർ ഗാനലോകത്തേക്ക് എത്തിയ വഴി രസകരമാണ്.

സിനിമാനടനായ മാമുക്കോയയും അബൂബക്കറും സഹപാഠികളായിരുന്നു. ഇരുവരും വിദ്യാർഥികളായിരിക്കെ ഒരിക്കൽ മാമുക്കോയ പറഞ്ഞതുകൊണ്ട് ടീച്ചർ അബൂബക്കറിനെക്കൊണ്ട് പാടിച്ചു.

ഇത് ആകസ്മികമായി ബാബുരാജിന്റെ പ്രിയപ്പെട്ട തബലിസ്റ്റ് ടി. ഉസ്മാൻ കേൾക്കാനിടയായി. അങ്ങനെ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അരങ്ങേറ്റം.

‘ഈണങ്ങളുടെ സുൽത്താൻ’ എന്നപേരിൽ ഹമീദ് കോളിയടുക്കം രചിച്ച പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിനിടെയാണ് അബൂബക്കറിനെ രോഗം തളർത്തിയത്. കെ.എസ്. ചിത്രയെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും പങ്കെടുപ്പിച്ച് പരിപാടി നടത്തണമെന്ന ആഗ്രഹത്തിനിടെയാണ് അപ്രതീക്ഷിതമായി കിടപ്പിലാകുന്നത്.

തന്റെ സ്വതസിദ്ധമായ ഈണങ്ങളിലൂടെ സംഗീതലോകത്തിന്‌ മൂവായിരത്തിലധികം അനശ്വരഗാനങ്ങൾ സമ്മാനിച്ച കലാകാരനാണ് കോഴിക്കോട് അബൂബക്കർ. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി.

ലാ ഇലാഹാ ഇല്ലള്ളാ, പകലന്തി ഞാൻ, പാടാൻ ഞാൻ ഗായകൻ അല്ല തുടങ്ങി ഒട്ടേറെ പാട്ടുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംഗീതസംവിധായകനാണ് അദ്ദേഹം. കൂടാതെ സുജാത, അഫ്സൽ, എം.ജി. ശ്രീകുമാർ, ഷഹബാസ് അമൻ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പിന്നണിഗായകരും അവുക്കയുടെ സംഗീതത്തിന് ശബ്ദംനൽകിയവരാണ്.

ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെ പ്രിയ തബലിസ്റ്റായ ഇദ്ദേഹം ഈണമിട്ട പാട്ടുകളാണ് മലയാള മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളെല്ലാം കീഴടക്കിയത്.

പതിറ്റാണ്ടുകൾക്ക് മുൻപ്‌ പുറത്തിറങ്ങിയ ഈ ഗാനങ്ങൾക്ക് ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വൻസ്വീകാര്യതയാണ്. അസുഖവിവരമറിഞ്ഞ് കണ്ണൂർ പ്രകാശ്, ഫിറോസ് ബാബു, സിബെല്ല സദാനന്ദൻ, ഇന്ദിര ജോയി, സജി മിലേനിയം തുടങ്ങിയ ശിഷ്യരും സുഹൃത്തുക്കളും കഴിഞ്ഞദിവസങ്ങളിൽ ആശുപത്രിയിലെത്തിയിരുന്നു.

**English Summary:**

Celebrated Mappila song artist, music composer and tabla player Kozhikode Aboobacker, popularly known as Avukka, died at the age of 80 at his home in Areekatte Ullisherikkunnu around midnight on Monday. He had been undergoing treatment for a stroke for nearly two months. Aboobacker composed more than 3,000 songs and was associated with several prominent singers, including K.S. Chithra, Yesudas, Sujatha, Afsal, M.G. Sreekumar and Shahabaz Aman. He began his musical career through Baburaj’s troupe after being noticed by tabla player T. Usman. His funeral prayer will be held after 12 noon on Tuesday at Mathottam Kabarsthan Mosque.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380616/kozhikode-aboobacker-music-composer-tabla-artist-dies)