---
title: "മൈതാനത്ത് ഇനി ആ മന്ത്രജാലമില്ല: 'അർജന്റീനക്കാരനായി ജനിപ്പിച്ച ദൈവത്തിന് നന്ദി'; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ലയണൽ മെസ്സി"
english_title: "Lionel Messi Announces Retirement From International Football Argentina"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380601/lionel-messi-announces-retirement-from-international-football"
published_at: "2026-08-31T21:54:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95ab267aa8e_lionel-messi-announces-retirement-from-international-football.jpg"
keywords: ["Lionel Messi", "Lionel Messi Retirement", "Argentina Football", "Messi News"]
---

# മൈതാനത്ത് ഇനി ആ മന്ത്രജാലമില്ല: 'അർജന്റീനക്കാരനായി ജനിപ്പിച്ച ദൈവത്തിന് നന്ദി'; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ലയണൽ മെസ്സി

> **Lead Summary:** ബ്യൂണസ് അയേഴ്സ്: ലോക ഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 39-കാരനായ താരം അർജന്റീന ജേഴ്സിയോട് വിടപറയുന്നത്.

## Article Content

ബ്യൂണസ് അയേഴ്സ്: ലോക ഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 39-കാരനായ താരം അർജന്റീന ജേഴ്സിയോട് വിടപറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം വിടവാങ്ങൽ തീരുമാനം ലോകത്തെ അറിയിച്ചത്. പിതാവിന്റെ മരണത്തിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചേക്കുമെന്ന സൂചന താരം നൽകിയിരുന്നു.

അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും അഭിമാനത്തോടും സമാധാനത്തോടും കൂടിയാണ് പടിയിറങ്ങുന്നതെന്നും മെസ്സി വിടവാങ്ങൽ കുറിപ്പിൽ വ്യക്തമാക്കി. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് മനസ്സിലാക്കുന്നുവെന്നും താരം കുറിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി സർവ്വതും നൽകിയിട്ടുണ്ടെന്നും വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് ഇനി വഴിമാറിക്കൊടുക്കേണ്ട സമയമാണെന്നും മെസ്സി കൂട്ടിച്ചേർത്തു.

2022-ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച നായകനായ മെസ്സി, രാജ്യത്തിനായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയിട്ടുണ്ട്. 2008 ഒളിമ്പിക്സ് സ്വർണം, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ എന്നിവയും അർജന്റീനയ്ക്കായി സ്വന്തമാക്കി. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകൾക്കും സഹതാരങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ച താരം, ഇനിമുതൽ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അർജന്റീനയ്ക്കായി ശബ്ദമുയർത്തുമെന്നും വ്യക്തമാക്കി.

**English Summary:**

Legendary Argentine footballer Lionel Messi has officially announced his retirement from international football, ending a stellar 21-year career at the age of 39. In an emotional social media post, the 2022 World Cup-winning captain stated that it was time to step aside for the younger generation. Over his international career, Messi scored 125 goals in 207 appearances and led Argentina to the 2008 Olympic gold, as well as the 2021 and 2024 Copa America titles. He expressed gratitude to his family, coaches, teammates, and fans.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380601/lionel-messi-announces-retirement-from-international-football)