---
title: "പാർട്ടിയെ ഉപേക്ഷിച്ചവർ തെറ്റ് തിരുത്തി തിരികെ അണിനിരക്കണം; പാർട്ടിക്കോട്ടകളിലെ തിരിച്ചടി ന്യായീകരിച്ച് പിണറായി വിജയൻ "
english_title: "Pinarayi Vijayan Thaliparamba Speech On CPM Election Defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380598/pinarayi-vijayan-thaliparamba-speech-cpm-election-defeat"
published_at: "2026-08-31T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a959c77e208f_pinarayi-vijayan-thaliparamba-speech-cpm-election-defeat.jpg"
keywords: ["Pinarayi Vijayan", "CPM Kerala", "Kerala Politics", "TK Govindan"]
---

# പാർട്ടിയെ ഉപേക്ഷിച്ചവർ തെറ്റ് തിരുത്തി തിരികെ അണിനിരക്കണം; പാർട്ടിക്കോട്ടകളിലെ തിരിച്ചടി ന്യായീകരിച്ച് പിണറായി വിജയൻ 

> **Lead Summary:** **കണ്ണൂർ: ** പാർട്ടിക്കോട്ടകളിലെ തിരിച്ചടിയിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. താത്കാലികമായി പാർട്ടിയെ ഉപേക്ഷിച്ചവർ തെറ്റ് തിരുത്തി തിരികെ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം തളിപ്പറമ്പിൽ വ്യക്തമാക്കി.

## Article Content

**കണ്ണൂർ: ** പാർട്ടിക്കോട്ടകളിലെ തിരിച്ചടിയിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. താത്കാലികമായി പാർട്ടിയെ ഉപേക്ഷിച്ചവർ തെറ്റ് തിരുത്തി തിരികെ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം തളിപ്പറമ്പിൽ വ്യക്തമാക്കി.

തളിപ്പറമ്പിൽ സംഘടിപ്പിച്ച അവസാന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിൽ എല്ലാക്കാലത്തും പാർട്ടിക്കൊപ്പം ഉറച്ചുനിന്ന ചിലർ മാറി ചിന്തിച്ചിട്ടുണ്ടെന്നും അത്തരക്കാർ സ്വയം ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയവും ജനവിധിയും പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് പിണറായി വിജയൻ വ്യക്തമാക്കി. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി പാർട്ടി മുന്നോട്ടുപോകും. താൽക്കാലികമായി മാറിനിന്നവർക്ക് ഇപ്പോൾ കാര്യം മനസ്സിലായിട്ടുണ്ടാകും. അവരെല്ലാം എൽഡിഎഫിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശരിയായ നിലപാട് സ്വീകരിച്ച് മുന്നണിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ പാർട്ടിയോട് ചേന്നുനിന്നവർ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും അത് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ സംസാരിക്കവെ ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. ടി കെ ഗോവിന്ദൻ അവസരവാദിയാണെന്നും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വഞ്ചകർക്ക് പാർട്ടിയെ പോറലേൽപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ പോകുന്നവർ ചരിത്രത്തിൽ പിന്നോട്ട് പോകുകയാണ് പതിവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

**English Summary:**

Pinarayi Vijayan defended the CPM leadership during his speech in Thaliparamba, Kannur, following recent election setbacks in party strongholds. He stated that the party accepts the public verdict and will make necessary course corrections. Pinarayi Vijayan urged voters who supported opposing sides to engage in self-introspection and return to the LDF. He also criticized T. K. Govindan, labeling him an opportunist who betrayed the party, asserting that such actions would not weaken the CPM's strength.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380598/pinarayi-vijayan-thaliparamba-speech-cpm-election-defeat)