---
title: "വളയം പിടിക്കുന്നവർക്ക് അഹങ്കാരമോ...? കോഴിക്കോട് തിക്കോടിയിൽ യുവതിയെ പാതിരാത്രിയിൽ ഉയരപ്പാതയിൽ ഇറക്കിവിട്ടു: ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു"
english_title: "Kozhikode Thikkodi Bus Incident MVD Suspends Driver and Conductor License"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380596/kozhikode-thikkodi-private-bus-crew-license-suspended-mvd"
published_at: "2026-08-31T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95945e9b345_kozhikode-thikkodi-private-bus-crew-license-suspended-mvd.jpg"
keywords: ["Thikkodi Bus Incident", "License Suspended", "Private Bus", "Kozhikode Private Bus"]
---

# വളയം പിടിക്കുന്നവർക്ക് അഹങ്കാരമോ...? കോഴിക്കോട് തിക്കോടിയിൽ യുവതിയെ പാതിരാത്രിയിൽ ഉയരപ്പാതയിൽ ഇറക്കിവിട്ടു: ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാത തിക്കോടിയിൽ പാതിരാത്രിയിൽ യുവതിയെ ദേശീയപാതയിലെ ഉയരപ്പാതയിൽ (ഫ്ലൈ ഓവർ) ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

## Article Content

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാത തിക്കോടിയിൽ പാതിരാത്രിയിൽ യുവതിയെ ദേശീയപാതയിലെ ഉയരപ്പാതയിൽ (ഫ്ലൈ ഓവർ) ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതിനുപുറമേ, ഇരുവരും എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ആൻഡ് ട്രെയിനിംഗ് റിസർച്ച് (IDTR) കേന്ദ്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 'കൃതിക' എന്ന സ്വകാര്യ ബസിലെ ജീവനക്കാരിൽ നിന്നാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. നിശ്ചിത സർവീസ് റോഡിലൂടെ പോകുന്നതിന് പകരം ബസ് റൂട്ട് തെറ്റിച്ച് ദേശീയപാതയിലെ ഉയരപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. തുടർന്ന് വഴിവിളക്കുകളോ കാൽനടയാത്രക്കാരോ ഇല്ലാത്ത വിജനമായ ഉയരപ്പാതയിൽ ജീവനക്കാർ യുവതിയെ ഇറക്കിവിട്ടു.

ഉയരപ്പാതയിൽ ഒറ്റപ്പെട്ട് പരിഭ്രമിച്ചുനിന്ന യുവതിയെ പിന്നീട് പ്രദേശവാസികൾ എണി (കോണി) ഉപയോഗിച്ചാണ് താഴേക്ക് ഇറക്കിയത്. റൂട്ട് തെറ്റിച്ച് ദേശീയപാതയിലൂടെ സർവീസ് നടത്തിയതിന് ബസ് ഉടമയ്ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

**English Summary:**

The Motor Vehicles Department (MVD) suspended the licenses of a private bus driver and conductor for six months after they dropped a woman passenger on an elevated highway in Thikkodi, Kozhikode, late at night. The incident occurred on August 24 on the 'Krithika' bus traveling from Kozhikode to Kannur. The crew diverted from the service road onto the elevated highway and left the woman in an unlit, isolated area. Locals rescued her using a ladder. The MVD also registered a case against the bus owner and ordered the crew to undergo mandatory training in Edappal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380596/kozhikode-thikkodi-private-bus-crew-license-suspended-mvd)