---
title: "ചോക്ലേറ്റ് നൽകി വലയിലാക്കി ക്രൂരത; മൂന്ന് വയസ്സുകാരിയെ ശുചിമുറിയിൽ പിന്തുടർന്ന് പീഡിപ്പിച്ചു, സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ"
english_title: "Delhi School Bus Driver Arrested For Molesting Three Year Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380593/delhi-school-bus-driver-arrested-minor-assault-bawana"
published_at: "2026-08-31T19:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dba8d0c270_madhya-pradesh-guna-gangrape-bike-trap-case.jpg"
keywords: ["School Bus Driver Arrested", "Minor Assault Delhi", "Rape Case", "Child Abuse"]
---

# ചോക്ലേറ്റ് നൽകി വലയിലാക്കി ക്രൂരത; മൂന്ന് വയസ്സുകാരിയെ ശുചിമുറിയിൽ പിന്തുടർന്ന് പീഡിപ്പിച്ചു, സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിലെ ബവാനയിലുള്ള സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായി ഓഗസ്റ്റ് 19-നാണ് വീട്ടുകാർ ആദ്യം ശ്രദ്ധിച്ചത്.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിലെ ബവാനയിലുള്ള സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായി ഓഗസ്റ്റ് 19-നാണ് വീട്ടുകാർ ആദ്യം ശ്രദ്ധിച്ചത്.

തുടർന്ന് മാതാപിതാക്കൾ വിവരങ്ങൾ തിരക്കിയപ്പോഴാണ് സ്കൂളിലെ ഒരു അങ്കിൾ തനിക്ക് പതിവായി ചോക്ലേറ്റുകൾ നൽകിയിരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ചുകൊടുത്തതോടെ കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.

ശുചിമുറിയിലേക്ക് പിന്തുടർന്ന് ചെന്ന് നാല് തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. കൂടാതെ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകുന്ന ദൃശ്യങ്ങള അടങ്ങിയ വീഡിയോകളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് സ്കൂളുകൾക്കായി കർശനമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്കൂൾ ജീവനക്കാർ, ബസ് ഡ്രൈവർമാർ, സഹായികൾ എന്നിവരെ കൃത്യമായ പൊലീസ് വെരിഫിക്കേഷന് ശേഷം മാത്രമേ നിയമിക്കാവൂ എന്ന് നിർദേശത്തിൽ പറയുന്നു.

കുട്ടികളെ കൊണ്ടുപോകാൻ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്. കൂടാതെ സ്കൂളുകളിൽ കൃത്യമായി പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും കുട്ടികളുടെ മേൽനോട്ടത്തിനായി വനിതാ ജീവനക്കാരെയും ഉറപ്പാക്കണം.

അതേസമയം, തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നിലപാട് വളരെ തണുപ്പൻ മട്ടിലുള്ളതാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി മറ്റ് രണ്ട് കുട്ടികൾ കൂടി പീഡനത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു.

**English Summary:**

A school bus driver was arrested for sexually assaulting a three-year-old girl at a private school in Bawana, Delhi. The assault came to light on August 19 after parents noticed injuries on the child, who identified the accused via CCTV footage. Primary police investigation revealed the driver targeted her in the restroom four times. Following the incident, Delhi Police issued strict safety guidelines for schools, requiring mandatory police verification for staff. Meanwhile, AAP leader Saurabh Bharadwaj criticized Delhi CM Rekha Gupta over the rising crimes against minors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380593/delhi-school-bus-driver-arrested-minor-assault-bawana)